അങ്കാറ : തുർക്കിയിൽ വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ 66 പേർ മരിച്ചു. 51 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിലെ റസ്റ്റോറന്റിൽ നിന്നുമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് സൂചന. വടക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം.
ഇസ്താംബൂളിന് സമീപമുള്ള ബോലു പ്രവിശ്യയിലെ കൊറോഗ്ലു പർവതനിരകളിലെ റിസോർട്ടായ കർത്താൽകയയിലെ ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിൽ ആണ് അപകടമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 3.30 ഓടെയാണ് ഹോട്ടലിൻ്റെ റസ്റ്റോറൻ്റ് വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തീപിടുത്തത്തെ തുടർന്ന് പരിഭ്രാന്തരായി കെട്ടിടത്തിൽ നിന്ന് ചാടിയതും നിരവധി പേരുടെ മരണത്തിന് കാരണമായി. 234 അതിഥികളാണ് അപകട സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. ഭൂരിഭാഗം പേരും ഉറക്കത്തിനിടയിൽ ആയിരുന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയായിരുന്നു.
Discussion about this post