ശരവേഗത്തിൽ മാറ്റം സംഭവിക്കുന്ന ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ലോകത്തിനെ തന്നെ സ്വാധീനിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് റോബോട്ടുകളുടെ സ്വാധീനം. പ്രത്യേകിച്ച് എഐ റോബോട്ടുകൾ. മനുഷ്യരാൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും സൃഷ്ടാവിനേക്കാൾ ഒരുപടി മുന്നിലാണ് പലപ്പോഴും റോബോട്ടുകളുടെ പ്രവൃത്തികൾ എന്ന് പലരും പറയാറുണ്ട്. എന്നാൽ എത്ര ശ്രമിച്ചാലും മനുഷ്യന്റെ അത്ര പെർഫക്ഷൻ റോബോട്ടുകൾക്ക് ഉണ്ടാവില്ലെന്നും ചിലർ വാദിക്കുന്നു.
ഇപ്പോഴിതാ മനുഷ്യനെയും റോബോട്ടുകളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് ഒരു മാരത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇതിലൂടെ മനുഷ്യരും റോബോട്ടുകളും ഒരുമിച്ചു പങ്കെടുക്കുന്ന ആദ്യം മത്സരത്തിന് ആതിഥേയത്വം വഹിക്കുക എന്നതാണ് ചൈന ഉദ്ദേശിക്കുന്നത്. ഡാക്സിംഗ് ജില്ലയിൽ ഹാഫ് മാരത്തൺ മത്സരമാണ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിൽ ഡസൻ കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളും 12,000 മനുഷ്യകായികതാരങ്ങളും പങ്കെടുക്കും. 21 കിലോമീറ്റർ ദൂരമാണ് മത്സരത്തിനായി നിശ്ചയിച്ചിരിക്കുന്നത്.
ബീയ്ജിംഗ് ഇക്കണോമിക്-ടെക്നോളജിക്കൽ ഡെവലപ്മെന്റ് ഏരിയ( ഇ-ടൗൺ) സംഘടിപ്പിക്കുന്ന മാരത്തണിൽ 20-ലധികം കമ്പനികളുടെ റോബോട്ടുകൾ ഉണ്ടാകും. ലോകമെമ്പാടുമുള്ള കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, റോബോട്ടിക്‌സ് ക്ലബ്ബുകൾ, സർവ്വകലാശാലകൾ എന്നിവയെ മാരത്തണിൽ അവരുടെ ഹ്യൂമനോയിഡുകളെ പങ്കെടുപ്പിക്കുന്നതിനായി ക്ഷണിക്കും എന്നാണ് ഇ-ടൗൺ വ്യക്തമാക്കുന്നത്.മത്സരത്തിന് യോഗ്യത നേടുന്നതിന്, റോബോട്ടുകൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അവ ചക്രങ്ങളിൽ ചലിക്കുന്നവ ആകാൻ പാടില്ല. പകരം മനുഷ്യനെപ്പോലെ രൂപമുള്ളവയും ബൈപെഡൽ നടത്തം അല്ലെങ്കിൽ രണ്ട് കാലുകളിൽ ചലിക്കാൻ കഴിവുള്ളവയും ആയിരിക്കണം. റോബോട്ടുകൾക്ക് 0.5 മീറ്ററിനും 2 മീറ്ററിനും ഇടയിൽ ഉയരം ഉണ്ടായിരിക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. റിമോട്ട് നിയന്ത്രിതവും പൂർണ്ണമായും സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ ഹ്യൂമനോയിഡുകൾ യോഗ്യത നേടുമെന്നും ഓട്ടത്തിനിടയിൽ ബാറ്ററികൾ മാറ്റിസ്ഥാപിക്കാൻ അനുവദിക്കുമെന്നും വിവരങ്ങളുണ്ട്.
Discussion about this post