പത്തനംതിട്ട : റോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബരകാർ പിടിച്ചെടുത്ത് എംവിഡി. പത്തനംതിട്ട വള്ളക്കടവിൽ ആണ് സംഭവം. ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എംവിഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോഡിൽ ആണ് ഈ കാറിൽ ഉള്ള യാത്രക്കാർ അഭ്യാസപ്രകടനം നടത്തിയത്.
കാറിന്റെ ഡോർ വിൻഡോയ്ക്ക് മുകളിൽ ഇരുന്നുകൊണ്ട് ദേഹം വെളിയിലിട്ട് ഫോൺ ചെയ്യുന്ന രീതിയിലായിരുന്നു യുവാക്കൾ അഭ്യാസപ്രകടനം നടത്തിയിരുന്നത്. പുറകെ വന്നിരുന്ന വാഹനങ്ങളിലെ യാത്രക്കാരാണ് ഈ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയച്ചു നൽകിയത്. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്തായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.
തിരുവല്ല വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ച ഉടൻ തന്നെ എംവിഡി എത്തി വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളുടെയും ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും എംവിഡി അറിയിച്ചു.
ഇത് കൂടാതെ ഇവരിൽ നിന്നും പിഴയും ഈടാക്കും. അഭ്യാസപ്രകടനം നടത്തിയ ഒരാൾ പത്തനംതിട്ട കുമ്പഴ സ്വദേശിയും മറ്റൊരാൾ തിരുവല്ല മഞ്ഞാടി സ്വദേശിയുമാണ്. രണ്ട് പേരെയും നല്ല നടപ്പിനായി എടപ്പാളിലുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്നും എംവിഡി അറിയിച്ചിട്ടുണ്ട്.
Discussion about this post