ന്യൂഡൽഹി : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 10 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും മോദി നന്ദി അറിയിച്ചു .
കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങൾ ഏറ്റെടുത്തു. ഈ പദ്ധതി വിജയിപ്പിക്കാൻ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി വഴി കുട്ടികളുടെ ലിംഗാനുപാതം കുറവുള്ള ജില്ലകളിൽ കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്തു. ബോധവൽക്കരണ ക്യാമ്പെയ്നുകൾ ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധം വളർത്തി. വരും വർഷങ്ങളിലും ഈ പ്രസ്ഥാനത്തിന് തുടർച്ചയായ പിന്തുണ വേണമെന്ന് മോദി ജനങ്ങോട് അഭ്യർത്ഥിച്ചു .
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുമായി കേന്ദ്രസർക്കാർ തുടക്കമിട്ട പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. 2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ അടിസ്ഥാന ശിലയാണ് വിദ്യാഭ്യാസം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ ക്യാമ്പയിന്റെ പ്രാഥമിക ലക്ഷ്യം. പെൺകുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് ഏറെ സഹായിച്ചു.
പദ്ധതി യാഥാർത്ഥ്യമായതിന് ശേഷം ജനനസമയത്ത് ദേശീയ ലിംഗാനുപാതം 2014-15 ൽ 918 ആയിരുന്നത് 2023-24 ൽ 930 ആയി ഉയർന്നു. സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ പെൺകുട്ടികളുടെ മൊത്തം എൻറോൾമെന്റ് അനുപാതം 75.51% ൽ നിന്ന് 78% ആയി ഉയർന്നു. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതി വഹിച്ച പങ്ക് വ്യക്തമാക്കുന്നു.
Discussion about this post