കുംഭമേള സമയത്തു മാത്രം ജനങ്ങളുടെ ഇടയിലേക്കിറങ്ങി വരുന്ന നാഗസന്യാസിമാരുടെ ഭസ്മം മൂടിയ നഗ്ന ശരീരവും, ഉയർത്തിക്കെട്ടിയ ജടയും, രുദ്രാക്ഷമാലകളും മറ്റും പ്രബുദ്ധരുടെ അനാവശ്യ ശ്രദ്ധ പിടിച്ചു പറ്റുന്നതല്ലാതെ, സന്യാസിമാർ ആരാണെന്നോ, എന്താണിങ്ങനെയെന്നോ മനസ്സിലാക്കാൻ അവർ ശ്രമിക്കാറില്ല.
പാശ്ചാത്യ മാധ്യമങ്ങളും, പാശ്ചാത്യവൽക്കരിക്കപ്പെട്ടെന്ന് സ്വയം വിശ്വസിക്കുന ചില ഇന്ത്യൻ മാധ്യമങ്ങളും, ബുദ്ധിജീവികളെന്ന് നടിക്കുന്ന ബുദ്ധിശൂന്യരും, സന്യാസിമാരുടെ നഗ്നതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരെ ഇകഴ്ത്താൻ ശ്രമിക്കുന്ന അതേ ആവേശത്തിൽ പാശ്ചാത്യസംസ്കാര സൃഷ്ടിയായ പ്രകൃതിവാദികളെ (സ്ത്രീപുരുഷന്മാർ ഇടകലർന്ന് നഗ്നരായി ജീവിക്കുന്ന രീതിയെ) പുകഴ്ത്താനും ശ്രമിക്കുന്നതു കാണുമ്പോഴാണ് ഖേദം തോന്നുന്നത്. ലൗകികങ്ങൾ, സകല ശാരീരിക സുഖങ്ങൾ, എല്ലാമുപേക്ഷിച്ചു പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന നാഗസന്യാസിമാരെ മനസ്സിലാക്കാൻ സാധിക്കാത്ത ഇവർക്ക് അച്ഛനാരാണെന്നറിയാത്ത കുട്ടികളെ സൃഷ്ടിച്ചു വിടുന്ന പാശ്ചാത്യ നഗ്നതാപ്രസ്ഥാനം മഹത്തരമാണ്.
ഉപഭോക്തൃ സംസ്കാരം ആധിപത്യം പുലർത്തുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയിൽ അവയുണ്ടാക്കുന്ന ആഘാതം ലഘൂകരിക്കാൻ സർക്കാരുകൾ കോടിക്കണക്കിന് പണം ചിലവഴിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ ശാരീരിക സുഖങ്ങളും, തുച്ഛമായ സമ്പത്തുകളും കൊണ്ട് ആനന്ദകരമായി ജീവിക്കാനുള്ള ഉപായമല്ലേ നാഗസാധുക്കൾ കാണിക്കുന്നത്? പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മഹത്തായ ഒരുചര്യയെയല്ലേ നാഗസാധുക്കൾ നമ്മെ പഠിപ്പിക്കുന്നത്?
ആത്മീയ പ്രബുദ്ധതയ്ക്കായി ജീവിതം സമർപ്പിച്ച നാഗസന്യാസിമാർ വിവിധ (അഖാഡകൾ) സന്യാസ സമൂഹങ്ങളിലെ അംഗങ്ങളാണ്. ലൗകിക സ്വത്തുക്കളും, ആഗ്രഹങ്ങളും, സുഖങ്ങളും ഉപേക്ഷിച്ച ഇവർ പ്രതീകാത്മകമായി വസ്ത്രങ്ങളും ഉപേക്ഷിക്കുന്നു. ദിക്കുകളാണ് അവരുടെ അംബരം. അല്ലെങ്കിൽ അതിരുകൾ നിർണ്ണയിക്കാനാവാത്ത ആത്മജ്ഞാനത്തിൻ്റെ ഭൗതികരൂപങ്ങളാണവർ.
നാഗസന്യാസിമാരുടെ ചരിത്രം.
ഭാരതത്തിലെ ഏറ്റവും പുരാതനമായ സാംസ്കാരിക പാരമ്പര്യമാണ് ശൈവം. പരമേശ്വരനായ, ആദിഗുരുവായ, മഹേശ്വരനെ പരമോന്നത ദൈവമായി ആരാധിക്കുന്ന ശൈവ പാരമ്പര്യം പിന്തുടരുന്ന നാഗസന്യാസ സമ്പ്രദായം എന്നു തുടങ്ങി, ആരു തുടങ്ങി എന്നതിന് വ്യക്തമായ രേഖകൾ ഒന്നുമില്ല. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, സംസ്കൃതത്തിൽ “നഗ” എന്ന പദത്തിന്റെ അർത്ഥം “പർവ്വതം” എന്നാണ്. പർവ്വതപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ “നാഗ” എന്ന സൂചിപ്പിക്കുന്നു. ഒരു പക്ഷേ ഈ സന്യാസ സമൂഹങ്ങളുടെ ഭൂമിശാസ്ത്രപരവും, സാംസ്കാരികവുമായ വേരുകൾ ആയിരിക്കാം ഈ “നാഗ” എന്ന വാക്ക് കാണിക്കുന്നത്.
ചില ഐതിഹ്യങ്ങൾ അനുസരിച്ച്, ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സങ്കലന രൂപമായ ദത്താത്രേയനാണ് നാഗസാധുക്കളുടെ ആചാര, ജീവിതക്രമം സ്ഥാപിച്ചത്. സനാതന ധർമ്മത്തിൻ്റെ സംരക്ഷകരായി ആദിശങ്കരാചാര്യർ നാഗസാധുക്കളെ സംഘടിപ്പിച്ചുവെന്നതിന്, അഖാഡകളുടെ രൂപീകരണങ്ങൾ തെളിവുകളാണ്. വരും വർഷങ്ങളിൽ ധർമ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നതിന് നാഗസന്യാസിമാർ ശാസ്ത്രങ്ങളിലും, (വേദഗ്രന്ഥങ്ങളിലും) ശസ്ത്രങ്ങളിലും (ആയുധങ്ങളിലും) ഒരുപോലെ പ്രാവീണ്യം നേടണമെന്ന് ആചാര്യ ശങ്കരൻ വിശ്വസിച്ചിരുന്നു.
അവരുടെ ആയുധങ്ങളും, മാനസിക ശക്തികളും ഒരിക്കലും ആക്രമണത്തിനല്ല, പ്രതിരോധത്തിനു മാത്രമാണ്. നാഗസന്യാസിമാരുടെ അപാരമായ ആന്തരിക ശക്തിയും, ഭൗതിക നിയന്ത്രണങ്ങളും അവരെ അക്രമരഹിതരാക്കുന്നു. എല്ലാ അക്രമണങ്ങളും ആന്തരിക ബലഹീനതയുടെ, വികാരത്തിന്റെ പ്രകടനമാണെന്നാണ് അവരുടെ വിശ്വാസം. സാംസ്കാരികവും, മതപരവുമായ പ്രക്ഷോഭങ്ങളുടെ സമയങ്ങളിൽ, ക്ഷേത്രങ്ങളും, ആത്മീയ പാഠശാലകളും, കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനായി മുന്നിൽ നിന്നവരാണ് നാഗസന്യാസിമാർ. അതായത് അവശ്യമെങ്കിൽ ആയുധം എടുക്കാനും മടിക്കാത്തവർ.
ബി.സി. 326-ൽ അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചപ്പോൾ, ധാരാളം പ്രബലരായ നാഗ സന്യാസിമാരെ കണ്ടുമുട്ടിയതായി സൂചിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും അതിലേറെ നൂറ്റാണ്ടുകൾക്ക് മുമ്പിലായിട്ടായിരിക്കണം ഈ സമ്പ്രദായം തുടങ്ങിയത് എന്നു നമുക്കനുമാനിക്കാം. അതായത് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ആരംഭിച്ചു ജനശ്രദ്ധയും, പിന്തുണയും ആർജ്ജിച്ചതാണ് നാഗസന്യാസി രീതി.
പതിനാറാം നൂറ്റാണ്ടിൽ, ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള മുഗൾ സൈന്യം ദ്വാരകയെ ആക്രമിച്ചു. ഹിന്ദു യോദ്ധാക്കളും, നാഗ സന്യാസിമാരും ചേർന്നാണ് നഗരത്തെയും, അതിലെ ക്ഷേത്രങ്ങളെയും അക്രമികളിൽ നിന്നും സംരക്ഷിച്ചത്. ചരിത്രത്തിലുടനീളം, ഹിന്ദു ധർമ്മത്തിന്റെ സംരക്ഷകരായി നാഗ സാധുക്കൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങൾ, വേദങ്ങൾ, സാംസ്കാരിക പൈതൃകങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി അവർ നിരന്തരം പോരാടിയിട്ടുണ്ട്. കുംഭമേള യുദ്ധം (1760), 1857 ലെ ഇന്ത്യൻ കലാപം എന്നിവ ശ്രദ്ധേയമായ ചില ഉദാഹരണങ്ങൾ മാത്രം.
പുരാവസ്തു ഗവേഷണങ്ങൾ:
ഗുപ്ത (ബി.സി. 320 – 550) സാമ്രാജ്യത്തിന്റെ ശിൽപങ്ങൾ, ക്ഷേത്ര ശിലാലിഖിതങ്ങൾ പോലുള്ള പുരാവസ്തുക്കളിൽ, പുരാതന ഭാരതീയ സമൂഹത്തിൽ നാഗസന്യാസിമാരുടെ പ്രാധാന്യം പ്രകടമാക്കുന്ന വിവിധ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് കുശാൻ (ബി.സി.ഇ. 60 – എ.ഡി. 375) സാമ്രാജ്യത്തിന്റെതായ സ്ഥലങ്ങളിൽ നടത്തിയ ഖനനങ്ങളിൽ നിന്ന് നാഗ സാധുക്കളെ വിവിധ യോഗാസനങ്ങളിൽ ചിത്രീകരിക്കുന്ന മുദ്രകളും, നാണയങ്ങളും കണ്ടെടുത്തിട്ടുമുണ്ട്.
സഞ്ചാരക്കുറിപ്പുകൾ:
ചൈനീസ് സഞ്ചാരിയായ ഹുവാൻസാങ് (ബി.സി. 602 – 664) നാഗസാധുക്കൾ അതികഠിനമായ തപശ്ചര്യകൾ അനുഷ്ഠിക്കുന്ന ഹിമാലയവാസികളായ സമൂഹമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറബിക് സഞ്ചാരിയായ അൽ-ബിരുണി (973 – 1048): എഴുതിയിരിക്കുന്നത് നാഗസന്യാസിമാർ ശിവനെ ആരാധിക്കുന്നവരും, യോഗയും, ധ്യാനവും പരിശീലിപ്പിക്കുന്നവരുമായ ഹിന്ദു സന്യാസിമാരുടെ ഒരു കൂട്ടമാണെന്നാണ്.
ലിഖിതങ്ങളും എപ്പിഗ്രാഫുകളും:
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോയിലെ (950 – 1050 CE): ലിഖിതങ്ങളിൽ നാഗസാധുക്കളെ പരാമർശിക്കുന്നതായി കാണുന്നുണ്ട്. മറ്റൊരു യുനെസ്കോ പെതൃക സ്ഥലമായ എല്ലോറയിലെ 600 – 1000 CE) ഗുഹാ ലിഖിതങ്ങളിലും നാഗസന്യാസിമാരെക്കുറിച്ച് എഴുതിയിട്ടുണ്ട്.
വിശ്വാസവും ആചാരങ്ങളും
ജീവിതനശ്വരത സൂചിപ്പിക്കാനായി ശരീരം മുഴുവൻ വിഭുതി ലേപനം ചെയ്യുന്ന ഇവർ സദാ മഹാദേവസ്മരണയിൽ ലയിച്ചിരിക്കുന്നവരാണ്. ഈ ഭസ്മലേപനം, ഒരു മനുഷ്യൻ നിത്യമായതും, യഥാർത്ഥവുമായ ആത്മാവിനെ സദാ അന്വേഷിക്കേണ്ടതിന്റെ ആവശ്യകത സദാ ഓർമ്മിപ്പിക്കുന്നു.
കാമം എന്ന ശക്തമായ ഊർജ്ജത്തെ, കുണ്ഡലിനി ശക്തിയെ ഉണർത്താനായി വഴിതിരിച്ചു വിടാമെന്നും, അതുവഴി ശുദ്ധബോധത്തിൽ ലയിച്ചു നിർവൃതി അടയാമെന്നും വിശ്വസിക്കുന്ന ഇവർ തീവ്രവും, കർശനവുമായ ബ്രഹ്മചര്യം പാലിക്കുന്നവരുമാണ്.
നാഗസാധുക്കൾ മഹാദേവനെയാണ് മാതൃകയാക്കുന്നത്. സമൂഹത്തിനപകടകാരികളായ വസ്തുക്കളെ സ്വയം സ്വീകരിക്കുകയും, പ്രയോജനകരമായ വസ്തുക്കളെ തിരസ്ക്കരിക്കുകയും ചെയ്യുന്ന അതേ സമ്പ്രദായമാണ് നാഗസന്യാസിമാരും പിന്തുടരുന്നത്. ഭൗതിക ലോക സുഖങ്ങൾ ത്യജിച്ച ഇവർ കർമ്മഫലങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറേയില്ല.
മറ്റുള്ളവരുടെ ഒന്നും ആഗ്രഹിക്കാത്ത നാഗസന്യാസിമാർ മനുഷ്യരിൽ ഏറ്റവും സമാധാനവും സന്തോഷവും അനുഭവിക്കുന്ന കൂട്ടരാണെന്ന് പറയാം. സ്വജീവൻ പോലും വിലമതിക്കാത്ത ഇവർക്ക് ശത്രുക്കളുമില്ല. പ്രകൃതിയോട് അടുത്തു ജീവിക്കുന്നതിനാൽ ഭൂമിമാതാവിനെ ഏറ്റവും കുറഞ്ഞ രീതിൽ ഉപയോഗിക്കുകയോ, മലിനപ്പെടുത്തുകയോ ചെയ്യുന്നവരാണിവർ.
അതേസമയം, ആരെയും അവർ ഭയപ്പെടുന്നില്ല. ഭയവും, അത്യാഗ്രഹവും കൊണ്ട് മനുഷ്യനെ സദാ ഭരിക്കുന്ന സമൂഹം, അതിനാൽ ഇവരെ ഭീകരരായി ചിത്രീകരിക്കുകയും, അവരുടെ ചര്യകളെ അവഹേളിക്കുകയും ചെയ്യുന്നു. സമൂഹം ഭീകരരായി വർണ്ണിക്കുന്ന ഇവർ വാസ്തവത്തിൽ അക്രമാസക്തരല്ലാത്ത ഒരു കൂട്ടം ആൾക്കാരാണ്. സമൂഹത്തിൻ്റെ ആജ്ഞയും, നിയമവും, നിയന്ത്രണവും ബാധകമല്ലാത്ത ഇവർക്ക് ആയുധങ്ങൾ പ്രതിരോധത്തിനായി മാത്രമുള്ളതാണ്.
ജട വളർത്തുകയോ, മുണ്ഡനം ചെയ്യുകയോ എന്നത് ഓരോ സന്യാസിടേയും വ്യക്തിപരമായ നിശ്ചയമാണ്. അതിനാൽ നാഗസന്യാസിമാർ എല്ലാവരും ജടാധാരികളാണ് എന്നു പറയുന്നത് പൂർണ്ണമായും ശരിയല്ല. എന്നാലും ഉയർത്തിക്കെട്ടിയ ജട ഇവരുടെ ഒരു പ്രധാന അടയാളം തന്നെയാണ്.
നാഗസാധുക്കൾ സാധാരണ കുടുംബജീവിതം ഉപേക്ഷിച്ച് തീവ്ര ബ്രഹ്മചര്യം പാലിക്കുന്നവരും, ആത്മീയ കാര്യങ്ങൾക്കായി സ്വയം സമർപ്പിച്ചവരും ആണ്. തപസ്സും ലാളിത്യവും ആത്മീയ അച്ചടക്കവും നിറഞ്ഞ ജീവിതം നയിക്കുന്ന ഇവർ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ലളിതമായ ഭക്ഷണക്രമം പാലിക്കുന്നു.
ഒരു നാഗ സന്യാസിയുടെ ഉപജീവനമാർഗ്ഗം ഭിക്ഷയിലൂടെ മാത്രമാണ്. ഒരു ആഴ്ച ഏഴു വീടുകളിൽ നിന്നു മാത്രമേ ഭിക്ഷ യാചിക്കാൻ അവകാശമുള്ളൂ. ഒരു ദിവസം ഭിക്ഷ ലഭിച്ചില്ലെങ്കിൽ അവർ അന്ന് ഉപവാസം അനുഷ്ഠിക്കുന്നു. ദൃഢനിശ്ചയത്തിനും, അച്ചടക്കത്തിനും തെളിവായി അവർ വിശപ്പ് സ്വമേധയാ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ ഔദാര്യത്തെ ആശ്രയിക്കുന്നതു വഴി അഹങ്കാരം നിയന്ത്രിക്കാനും, വിനയം ശക്തിപ്പെടുത്താനും, മനോനിയന്ത്രണത്തിനും ഇവർക്ക് സാധിക്കുന്നു.
നിലത്ത് ഉറങ്ങുക എന്ന നിയമം ലാളിത്യത്തിനോടും, സംയമനത്തിനോടും ഉള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കുന്നു. എല്ലാത്തരം ആഡംബരങ്ങളും, സുഖസൗകര്യങ്ങളും ഒഴിവാക്കുക വഴി, ശാരീരിക ആഗ്രഹങ്ങളെയും, ശ്രദ്ധാശൈഥില്യങ്ങളെയും കീഴടക്കാൻ അവർക്കു സാധിക്കുന്നു. അതുവഴി പൂർണ്ണമായും ആത്മീയ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നു.
നാഗസന്യാസം
ഒരു നാഗസാധുവാകാനുള്ള പാത വെറുമൊരു തീരുമാനമല്ല, മറിച്ച് അപാരമായ സമർപ്പണവും, അച്ചടക്കവും ആവശ്യമുള്ള ഒരു പരിവർത്തന യാത്രയാണ്. പുരാതന ഹിന്ദു പാരമ്പര്യങ്ങൾ അടിസ്ഥാനമാക്കിയ ഈ പ്രക്രിയയിൽ, ഒരാൾ കഠിനമായ ആത്മീയവും, ശാരീരികവുമായ വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടതുണ്ട്.
കഠിനമായ ഒരു പരിശോധനാ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ സന്യാസത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ബ്രഹ്മചര്യവും ആത്മീയ അച്ചടക്കവും ആചരിക്കുന്നതിലൂടെയാണ്. അഖാഡയുടെ ഭാരവാഹികൾ അവരെ സമഗ്രമായി സദാ വിലയിരുത്തിക്കൊണ്ടിരിക്കും. മാനസികമോ, ശാരീരികമോ ബലഹീനനായ ഒരു വ്യക്തിക്ക് ഈ പ്രാരംഭഘട്ടം കടക്കാൻ കഴിയില്ല.
പന്ത്രണ്ടു വർഷങ്ങൾ വരെ നീണ്ടേക്കാവുന്ന ഈ പരീശീലന ഘട്ടത്തിൽ ആ വ്യക്തിയുടെ ത്യാഗജീവിതം നയിക്കാനുള്ള പ്രതിബദ്ധതയും കഴിവും പരിശോധിക്കപ്പെടുന്നു. ഈ കാലയളവിൽ അയാൾ സമ്പൂർണ്ണ ബ്രഹ്മചര്യം അനുഷ്ഠിക്കുകയും, ലൗകിക സുഖങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
പ്രാരംഭ ഘട്ടം വിജയകരമായി പൂർത്തിയാകുമ്പോൾ, വ്യക്തി ‘പഞ്ചഗുരു, പിണ്ഡദാനം’ എന്നീ ആചാരങ്ങൾ അനുഷ്ഠിക്കുന്നു. ഇതിനായി ഒരു ഗുരു, ആ വ്യക്തിയെ തൻ്റെ ശിഷ്യനായി സ്വീകരിക്കേണ്ടതുണ്ട്. ശിവൻ, വിഷ്ണു, ശക്തി, സൂര്യൻ, ഗണേശൻ എന്നീ ദേവതകളാണ് പഞ്ചഗുരുക്കൾ. ഇവരെ പ്രീതിപ്പെടുത്തുകയും, ആത്മീയഗുരുക്കന്മാരായി അംഗീകരിക്കുകയും ചെയ്യുന്നതാണ് ചടങ്ങ്.
ദീക്ഷ സ്വീകരിക്കുന്നതിന് മുന്നോടിയായയി ശിഷ്യൻ സ്വയം പിണ്ഡദാനം (അന്ത്യകർമ്മങ്ങൾ) നടത്തുന്നു. ഇതുവഴി പ്രതീകാത്മകമായി ഭൗതിക ജീവിത അന്ത്യവും, ആത്മീയജീവിത ജന്മവും സ്വയം സ്വീകരിക്കുന്നു.
സന്യാസ സമൂഹത്തിലേക്കു ചേരുന്നതിനുള്ള അവസാന ഘട്ടത്തിൽ അവയവ നിർവീര്യമാക്കൽ ചടങ്ങും നടത്തപ്പെടുന്നു. ഇതിനു ശേഷം സന്യാസി അഖാഡയുടെ പതാകയ്ക്ക് കീഴിൽ ഒരു ദിനരാത്രം പൂർണ്ണമായും ഉപവസിക്കണം.
ഈ ആചാരങ്ങൾ പൂർത്തിയാകുമ്പോൾ, ആത്മീയ വളർച്ചയിലും പ്രബുദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സന്യാസ ജീവിതശൈലി പൂർണ്ണമായും സ്വീകരിക്കുന്ന ഒരു നാഗ സാധുവായി ആ ശിഷ്യൻ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നു.
ദൈവികമായ അതീന്ദ്രിയ അനുഭൂതി തേടി, ലൗകിക ജീവിതം ഉപേക്ഷിക്കാൻ തയ്യാറുള്ളവർക്കായി മാത്രം നീക്കിവച്ചിരിക്കുന്ന ഒരു പവിത്രമായ പാതയാണ് നാഗസന്യാസ രീതി.
നാഗ സാധുക്കൾ, അവരുടെ ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായി, പലപ്പോഴും ശവശരീരം ദഹിപ്പിക്കുന്നതിനു പകരം ഗുഹകളിലോ, ജനവാസം ഇല്ലാത്ത സ്ഥലങ്ങളിലോ സ്വാഭാവികമായി അഴുകാൻ വിടുന്നു. ബന്ധം വിട്ടു ശേഷിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ ഗംഗയിൽ സമർപ്പിക്കുന്നു. ചിലപ്പോൾ തലയോട്ടികൾ താന്ത്രിക ആചാരങ്ങൾക്കായി സൂക്ഷിക്കാറുമുണ്ട്.
ഈ ശവസംസ്കാരരീതി അവരുടെ ആത്മീയ തത്ത്വചിന്തയിൽ വേരൂന്നിയതാണ്. അത് ഭൗതിക ശരീരത്തിന്റെ നശ്വരതയെയും, അവശിഷ്ടങ്ങൾ പ്രകൃതിയിലേക്കു തന്നെ മടങ്ങേണ്ടതിന്റെ പ്രാധാന്യത്തെയും ഊന്നിപ്പറയുന്നു. ശരീരം സ്വാഭാവികമായി അഴുകാൻ അനുവദിക്കുന്നതിലൂടെ പ്രകൃതിയിൽ നിന്നും സ്വീകരിച്ചതെല്ലാം പ്രകൃതിയിലേക്കു മടങ്ങുന്നു എന്ന ജീവിത-മരണങ്ങളുടെ ചാക്രിക സ്വഭാവത്തെയും ചിത്രീകരിക്കുന്നു.
കുംഭമേളയും നാഗസന്യാസിമാരും
നാഗസാധുക്കളുടെ ആചാരമായ കുംഭമേളയ്ക്ക് ഇവർ കൂട്ടം കൂട്ടമായി വന്നു ചേരുന്നു. ആ കാലഘട്ടത്തിൽ മാത്രം പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ഇവർ പിന്നീട് ആരുടേയും ശ്രദ്ധയിൽ പെടാതെ അപ്രത്യക്ഷരാകുന്നു.
കുംഭമേളയ്ക്ക് ശേഷം, ഏകാന്തതയും ആത്മീയ സമ്പുഷ്ടീകരണവും തേടി അവർ തങ്ങളുടെ ആവാസസ്ഥലങ്ങളായ കാടുകളിലേക്കു തന്നെ മടങ്ങുന്നു എന്നാണ് വിശ്വാസം. സമൂഹമനുഷ്യ ജീവിതരീതിയെ ശല്യപ്പെടുത്താതെയുള്ള അവരുടെ മടക്കയാത്രകൾ സാധാരണയായി ഇരുട്ടിന്റെ മറപറ്റി ആണ്.
സന്യാസിമാരും അവരുടെ അഖോഡകളുമായുള്ള ആശയവിനിമയം സാദ്ധ്യമാക്കുന്നത് അതിനു നിയുക്തരായ ചില വ്യക്തികളിലൂടെയാണ്. സന്യാസിമാർ മരുഭൂമിയിലോ, വനാന്തർഭാഗത്തോ താമസിക്കുമ്പോൾ അവർക്ക് ആവശ്യമായ വിഭവങ്ങളും, പിന്തുണയും ഉണ്ടെന്ന് ഉറപ്പാക്കുന്നതും ‘കോട്‌വാൾ’ എന്ന് അടിയപ്പെടുന്ന ഈ മദ്ധ്യസ്ഥരാണ്.
ഒരു നാഗ സാധുവിന്റെ ജീവിതം നിഗൂഢതയിലും ആത്മീയ അച്ചടക്കത്തിലും അടിയുറച്ചതാണ്. അതു തന്നെയാണ് ജനങ്ങളിൽ അവർ വളരെയധികം കൗതുകങ്ങളും, ഊഹാപോഹങ്ങളും ഉണ്ടാക്കുന്നതിനും കാരണം.
ധർമ്മ സംരക്ഷണത്തിന് നാഗ സാധുക്കൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അതിനാൽ ധർമ്മം അവരെയും സംരക്ഷിക്കുന്നത് സ്വാഭാവികമാണ്. തീവ്രമായ ആത്മീയ പരിശീലനങ്ങൾ, ആയോധന കഴിവുകൾ, ശിവഭക്തി എന്നിവയ്ക്ക് പേരുകേട്ട ഒരു അതുല്യവും ആകർഷകവുമായ വിഭാഗമാണ് നാഗ സാധുക്കൾ. പ്രകൃതി നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന ഇവർ, ഇവരുടെ ആഘോഷമായ കുംഭമേളയ്ക്കായി ഏതാനും ദിവസങ്ങൾ മാത്രം പൊതുജനങ്ങളുടെ ഇടയിലേക്കിറങ്ങി വരുന്നു.
ആ സമയങ്ങളിൽ ഇവരെ അതിനനുവദിച്ചു ജീവിക്കാൻ വിടാതെ, ഇവരുടെ രീതികളെ പരിഹസിക്കുകയും, ആത്മീയതയിൽ മുഴുകി ജീവിക്കുന്ന ഇവരെ ടൈ, കോട്ട് ഒക്കെ ഇടീപ്പിച്ച് പാശ്ചാത്യ സംസ്‌കാരം പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരോട് ഒരു വാക്ക്.
ആ സന്യാസിമാരെ അവരുടെ രീതിക്ക് വിടുക. ഇല്ലെങ്കിൽ അവർ പ്രതികരിക്കും. പുഞ്ചിരി തൂകി ധ്യാനനിഷ്ഠനായി സദാ സ്ഥിതി ചെയ്യുന്ന ശിവൻ തന്നെയാണ് നിമിഷനേരത്തേക്ക് സംഹാരമൂർത്തിയായി മാറി ലോകത്തെ ഭസ്മീകരിക്കുന്നത് എന്നത് മറക്കാതിരിക്കുക. സൂര്യചന്ദ്രന്മാർക്കൊപ്പം വൈശ്വാനര അഗ്നിയും വഹിക്കുന്നവനാണ് ആ ശിവൻ. അവനാണ് ക്ഷത്രിയ സന്യാസിമാരായ അവരുടെ ആരാധനാമൂർത്തി.
#nagasadhu #sadhu #india #kumbhmela #hindu #aghori #mahakal #aghoribaba #ujjain #incredibleindia #somnath #uttarpradesh #ujjainmahakaal #kumbh #ke #ganesha #ujjainkaraja #iskcon #sadhubaba #raja #varanasi #aghorisadhu #hinduism #photography #kashi #photooftheday #haridwar #supportthecause #serveandprotect #sadhusevafoundation
Discussion about this post