മുംബൈ : വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ കുത്തേറ്റ് ചോര വാർന്ന നിലയിൽ നിന്ന തന്നെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ട് നന്ദി അറിയിച്ച് നടൻ സെയ്ഫ് അലി ഖാൻ. മുംബൈ ലീലാവതി ആശുപത്രിയിൽ വെച്ച് ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുംബൈ ബാന്ദ്രയിലെ ഓട്ടോ ഡ്രൈവർ ആയ ഭജൻ സിംഗ് റാണ ആണ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.
സെയ്ഫിന്റെ അമ്മ നടി ഷർമിള ടാഗോറും ഭജൻ സിംഗ് റാണയെ കണ്ട് നന്ദി അറിയിച്ചു. വലിയ സഹായമാണ് അന്ന് അദ്ദേഹം ചെയ്തത് എന്നും ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ഷർമിള വ്യക്തമാക്കി. നിർണായക നിമിഷങ്ങളിൽ നടന് ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നതിന് കാരണക്കാരനായ ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ ഇപ്പോൾ ബാന്ദ്രയിലെ താരമായിരിക്കുകയാണ്.
ജനുവരി 16-ന് ആയിരുന്നു ബാന്ദ്രയിലെ വീട്ടിൽ വച്ച് നടൻ സെയ്ഫ് അലി ഖാന് അതിക്രമിച്ചു കയറിയ മോഷ്ടാവിന്റെ കുത്തേറ്റിരുന്നത്. കഴുത്തിലും മുതുകിലും നിരവധി കുത്തുകളേറ്റ അദ്ദേഹത്തെ ജോലിക്കാരിയായ സ്ത്രീയുടെ സഹായത്തോടെ ഭജൻ സിംഗ് റാണയുടെ ഓട്ടോറിക്ഷയിലാണ് മുംബൈ ലീലാവതി ആശുപത്രിയിൽ എത്തിച്ചിരുന്നത്. അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്നലെ സെയ്ഫ് വീട്ടിലേക്ക് മടങ്ങി.
Discussion about this post