സാവോ പോളോ: ആഗോളതലത്തില്‍ കാപ്പിവിലയില്‍ വന്‍ വര്‍ധനവ്. കടുത്ത വരള്‍ച്ചയും വേനലും മൂലമുണ്ടായ കൃഷിനാശം നിമിത്തം ബ്രസീലിലെ കാപ്പിക്കുരു കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായതോടെയാണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ധാരാളം കാപ്പികര്‍ഷകരുള്ള ഡിവിനോലാന്‍ഡിയ പ്രദേശത്താണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ വിളകളെല്ലാം കടുത്ത വരള്‍ച്ച മൂലവും വേനല്‍ മൂലവും ഉണങ്ങി വരണ്ടിരിക്കുകയാണ്. കാകോന്റെ എന്ന പ്രദേശത്തും സമാനമാണ് സ്ഥിതി. പല കര്‍ഷകര്‍ക്കും തിരിച്ചുവരാന്‍ ഒരുപാട് സമയം വേണ്ടിവരുന്ന നിലയിലുള്ള കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വേണ്ടത്ര വെള്ളം ലഭിക്കാതെ വിളകളെല്ലാം നശിച്ചിരിക്കുകയാണ് ഇവിടെയും.
ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യമായ ബ്രസീലിലെ ഈ കൃഷിനാശം, ആഗോള കാപ്പി വിപണിയെയും വിലയേയും സ്വാധീനിച്ചിട്ടുണ്ട്. ടോക്കിയോ, പാരിസ്, ന്യൂ യോര്‍ക്ക് എന്നീ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രധാനപ്പെട്ട കോഫി ഡ്രിങ്കുകളുടെ വില കുത്തനെ വര്‍ധിച്ചുകഴിഞ്ഞു.
ജനപ്രിയ കോഫി ഡ്രിങ്കായ അറബിക്ക കോഫിയുടെ വില, നവംബറില്‍ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഉടനെയൊന്നും ഉദ്പാദനത്തില്‍ പഴയ നില തിരിച്ചുപിടിക്കാന്‍ ബ്രസീലിലെ കാപ്പി കര്‍ഷകര്‍ക്ക് സാധിക്കില്ല എന്നതിനാല്‍ ആഗോള ബ്രാന്‍ഡുകള്‍ക്കും മറ്റും മറ്റ് സാധ്യതകള്‍ കണ്ടെത്തേണ്ടിവരും. സാഹചര്യം ഇങ്ങനെ തുടരുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുളള കാപ്പി ഉത്പാദക രാജ്യങ്ങള്‍ക്ക് ഇത് വലിയ ലാഭമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post