കൊച്ചി: ദുബായില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയത് കാസര്‍കോഡ് നിന്നുള്ള കള്ളക്കടത്ത് സംഘമാണെന്ന് തിരിച്ചറിഞ്ഞു. മൂന്നുപേര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചിട്ടുണ്ട്. കാസര്‍കോഡ് ചിറ്റാരിക്കല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് കാറിലൊളിപ്പിച്ച് ഏഴുകിലോ സ്വര്‍ണം ദുബായില്‍ നിന്ന് കടത്തിയതെന്നാണ് വിവരം.
കൊച്ചി തുറമുഖത്ത് നിന്ന് കാര്‍ ഏറ്റുവാങ്ങാനെത്തി ആദ്യം അറസ്റ്റിലായ മംഗലാപുരത്തെ കുഞ്ഞിമുഹമ്മദ്, തന്റെ തൊഴിലുടമയാണ് കാര്‍ എത്തിക്കാന്‍ നിയോഗിച്ചതെന്ന് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കും സഹായിയായ മറ്റൊരാള്‍ക്കും ആദ്യം സമന്‍സ് അയച്ചു. ഇരുവരും പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തിന് പിന്നിലെ യഥാര്‍ഥ കണ്ണികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇതോടെ ഈ സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന ഒരാള്‍ക്ക് കൂടി കഴിഞ്ഞ ദിവസം സമന്‍സ് അയച്ചു.
സ്വര്‍ണം ഒളിപ്പിച്ച കാര്‍ തുറമുഖത്ത് നിന്ന് ഏറ്റെടുക്കാന്‍ എത്തിയ കുഞ്ഞുമുഹമ്മദിനൊപ്പം ഇവരില്‍ ചിലരും കൊച്ചിയില്‍ എത്തിയിരുന്നതായാണ് വിവരം. കുഞ്ഞുമുഹമ്മദ് കുടുങ്ങിയെന്ന് ഉറപ്പായതോടെ മുങ്ങിയ ഇവര്‍ പിന്നാലെ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.
മൂവാറ്റുപുഴയില്‍ നിന്നുള്ള സംഘത്തെ പിടികൂടിയതിന് പിറകെയാണ് പുതിയ കള്ളക്കടത്ത് സംഘത്തെയും കസ്റ്റംസ് കണ്ടെത്തിയത്. നെടുമ്പാശേരിയിലെ ഇമിഗ്രേഷന്‍ പൊലീസുകാരനെ മുതല്‍ വിമാനക്കമ്പനി ജീവനക്കാരെ വരെ ഒപ്പം നിര്‍ത്തി രണ്ടായിരം കിലോ സ്വര്‍ണമാണ് മൂവാറ്റുപുഴ സംഘം കേരളത്തിലേക്ക് കടത്തിയത്. ഇതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് പുതിയ കള്ളക്കടത്ത് സംഘത്തെ തിരിച്ചറിഞ്ഞത്.
Discussion about this post