ന്യൂഡൽഹി : യുഎസ് വിസ ലഭിക്കുന്നതിൽ ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദീർഘകാല കാലതാമസത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ . പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതിലാണ് എസ് ജയശങ്കർ ആശങ്ക രേഖപ്പെടുത്തിയത്. അടിയന്തര ശ്രദ്ധ ആവശ്യമുള്ള നിർണായക പ്രശ്‌നമായി ഇതിനെ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ കാലതാമസം ബിസിനസുകളെയും വിനോദസഞ്ചാരത്തെയും ബാധിക്കുക മാത്രമല്ല, ആളുകൾ തമ്മിലുള്ള ബന്ധത്തെ തടസ്സപ്പെടുത്തുകയും ഉഭയകക്ഷി ഇടപെടലിന്റെ മുഴുവൻ സാധ്യതകളെയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 400 ദിവസം വരെ വിസയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് റുബിയോയെ അറിയിച്ചതായും എസ് ജയശങ്കർ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം റുബിയോയ്ക്ക് വ്യക്തമായിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും ജയശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുഎസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ അനധികൃതമായി കുടിയേറിപ്പാർക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി യു.എസിൽ താമസിച്ചുവരുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെയെത്തിക്കുന്ന വിഷയത്തിൽ ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും തുറന്ന സമീപനമാണുള്ളതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു .
Discussion about this post