മുതിർന്ന പൗരൻമാർ ഏറ്റവും അധികം ക്രൂരമായ പെരുമാറ്റം നേരിടുന്നത് ആൺമക്കളിൽ നിന്നാണെന്ന് റിപ്പോർട്ട്. 38 ശതമാനം മുതിർന്ന പൗരന്മാർ ആൺമക്കളിൽനിന്നും 15 ശതമാനംപേർ മരുമക്കളിൽനിന്നും ക്രൂരമായ പെരുമാറ്റം നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ട് . സാമൂഹികനീതിവകുപ്പിന്റെ നാഷണൽ ഹെൽപ്പ്ലൈൻ ഫോർ സീനിയർ സിറ്റിസൺസിന്റെ (എൽഡർ ലൈൻ) കേരളത്തിലെ 2023-24-ലെ വാർഷിക റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.
43 ശതമാനംപേർ അവഗണനയും 28 ശതമാനംപേർ ശാരീരികമായ ഉപദ്രവവും 21 ശതമാനംപേർ വാക്കുകളാലുള്ള മോശമായ പെരുമാറ്റവും നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 65 മുതൽ 79 പ്രായം വരെ പ്രായപരിധിയിലുള്ള മുതിർന്ന പൗരൻമരാണ് കുടുതലായും മോശം പെരുമാറ്റം നേരിടുന്നത്. ഇതിന് പിന്നിലുള്ള കാരണം എന്നത് സ്വത്താണ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ എൽഡർ ലൈനിലേക്ക് വിളിച്ചവരിൽനിന്നുള്ള പരാതിയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രസർക്കാർ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതാണ് ഹെൽപ് ലൈൻ പദ്ധതി. മക്കൾ ശാരീരികമായി ഉപദ്രവിക്കുന്നു, ഭക്ഷണം നൽകുന്നില്ല, വീട്ടിൽ തനിച്ചാക്കി മാസങ്ങളോളം മാറിനിൽക്കുക, സ്വത്തു തട്ടിയെടുത്തതിന് ശേഷം ഉപേക്ഷിക്കുക, അസുഖം വന്നാൽ കൃത്യമായ ചികിത്സ നൽകാതിരിക്കുക തുടങ്ങിയ പരാതികളാണ് ഇതിൽ ഏറ്റവും കൂടുതൽ വരുന്നത്.
31നും 50-നും ഇടയിൽ പ്രായമുള്ളവരിൽനിന്നാണ് മോശമായ പെരുമാറ്റം കൂടുതലും നേരിടേണ്ടിവന്നത്. റിപ്പോർട്ട്‌ചെയ്തിട്ടുള്ള കേസുകളിൽഫോൺ വഴിതന്നെ തീർത്തതായും മറ്റ് കേസുകൾ ഫീൽഡ് ഓഫീസേഴ്‌സ് മുഖേന പരിഹരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post