ന്യൂഡൽഹി : ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു യോഗി. എന്നാൽ തനിക്ക് പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പ്രചാരണ സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞത് എന്ന് യോഗി അറിയിച്ചു. അത്രയും മോശപ്പെട്ട റോഡുകളാണ് ഡൽഹിയിലുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ കിരാരിയിലെ തൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. യമുനാ നദിയിലെ മലിനീകരണം അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം കെജ്രിവാളിനെ കുറ്റപ്പെടുത്തി. ഡൽഹിയിലെ ഏതെങ്കിലും ഒരു മന്ത്രി യമുനാ നദിയിൽ കുളിക്കാൻ ധൈര്യപ്പെടുമോ എന്നും യോഗി ചോദ്യമുന്നയിച്ചു.
വികസനം, മെച്ചപ്പെട്ട ക്രമസമാധാനം , അഴിമതി രഹിത ഭരണം എന്നിവയാണ് ബിജെപി ഡൽഹി നിവാസികൾക്ക് നൽകുന്ന വാഗ്ദാനം എന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു. ഡൽഹി നിവാസികൾ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. എന്നാൽ റോഡുകളിൽ കൂടി മലിനജലം ഒഴുകിക്കൊണ്ടിരിക്കുന്നു. റോഡുകളിൽ നിറയെ കുഴികളാണ്. മിക്ക സ്ഥലങ്ങളിലും പാതയോരങ്ങളിൽ മാലിന്യ കൂമ്പാരം കെട്ടിക്കിടക്കുന്നു. പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനുപകരം അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നതിനായി സമയം ചെലവഴിക്കുകയാണ് എന്നും യോഗി ആദിത്യനാഥ് വിമർശനമുന്നയിച്ചു.
Discussion about this post