തിരുവനന്തപുരം : കഞ്ചിക്കോട് ബ്രൂവറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. നായനാരുടെ കാലം മുതൽ സംസ്ഥാന സർക്കാർ പിന്തുടരുന്ന മദ്യനയം മന്ത്രിസഭയിൽ പോലും ആലോചിക്കാതെ തിരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു എന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കിയിട്ട് വേണോ മദ്യപുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറയണം. മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും പറയുന്നത് സിപിഐക്ക് പോലും മനസിലാവുന്നില്ല എന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Discussion about this post