കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് ഇവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
കേസിലെ 6 മുതല്‍ 9 വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ അയച്ചത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. സി.പി.ഐ.എം ചെള്ളക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, റിന്‍സ് വര്‍ഗീസ്, ടോണി ബേബി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ അവിശ്വാസ വോട്ടെടുപ്പിന് തുടർന്നാണ് കലാ രാജുവിനെ സി പി എം പ്രവർത്തകർ തട്ടിക്കൊണ്ടു പോയത്. അവിശ്വാസ വോട്ടെടുപ്പിൽ എതിരായി വോട്ട് ചെയ്യും എന്ന ഭയത്താലാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് കലാ രാജു വെളിപ്പെടുത്തിയത്.
തട്ടിക്കൊണ്ടു പോയതിനു ശേഷം, അവരുടെ വസ്ത്രം വലിച്ചു കീറാൻ നോക്കുകയും കാല് കൊത്തിക്കളയും എന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു എന്ന് കല രാജു വെളിപ്പെടുത്തിയിരുന്നു. ജീവിതകാലം മുഴുവൻ പാർട്ടിയോടൊപ്പം നിന്നതിന്റെ പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞിരുന്നു.
Discussion about this post