കോട്ടയം: കോട്ടയം ബസേലിയസ് കോളജില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉമ്മന്‍ചാണ്ടിയുടെ ബന്ധു.സംസ്ഥാന സഹകരണബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ കുഞ്ഞ് ഇല്ലംപിള്ളിയാണ് കോളേജ് ക്യാമ്പസില്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ കത്തി വീശുകയും ചെയ്തത്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
കുഞ്ഞ് ഇല്ലംപിള്ളിയുടെ മകളോട് കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ മോശമായി പെറുമാറിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയെ കുറിച്ചന്വേഷിക്കാനാണ് ഇല്ലംപള്ളി കോളേജില്‍ എത്തിയത്.രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി . പരാതി കോളജ് അധികൃതര്‍ അന്നുതന്നെ പോലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കുകയും ചെയ്തു. ഇത് അന്വേഷിക്കുന്നതിനാണ് ഇല്ലംപിള്ളി കോളജില്‍ എത്തിയത്. മകള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങാന്‍ തയ്യാറാകാതിരുന്നതാണ് ഇല്ലംപിള്ളിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പ്രിന്‍സിപ്പാളിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ബഹളംകേട്ടെത്തിയ കോളജ് ജീവനക്കാര്‍ ഇല്ലംപിള്ളിയെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍നിന്നും ഇറക്കിവിട്ടു. കോളജ് മുറ്റത്തെത്തിയ ഇയാള്‍ പ്രിന്‍സിപ്പാളിനെ അസഭ്യം പറയാന്‍ ആരംഭിച്ചു. ഇത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചോദ്യം ചെയ്തതോടെയാണ് ഇല്ലംപിള്ളി പത്രത്തില്‍ പൊതിഞ്ഞുകൊണ്ടുവന്ന കത്തി പുറത്തെടുത്തത്. മുഖ്യമന്ത്രിയുടെ ബന്ധുവായതിനാല്‍ തന്നെ ആരും ഒന്നും ചെയ്യില്ലെന്നും തൊട്ടാല്‍ കൊല്ലുമെന്നും ഇല്ലംപിള്ളി ഭീഷണി മുഴക്കി. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുകയും കോണ്‍ഗ്രസ് അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ഇല്ലംപിള്ളിയെ ഓട്ടോയില്‍ കയറ്റി അയക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കോളജിലെ സി.സി.ടി.വിയിലും പതിഞ്ഞിട്ടുണ്ട്.
Discussion about this post