റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒരു റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനും മറ്റൊരു ജീവനക്കാരനുമാണ് കോടതി പിഴ ചുമത്തിയത്. ഇതിലെ പ്രധാന പ്രതിക്ക് ഒരു ലക്ഷം രൂപയും കൂട്ടുപ്രതിക്ക് 5000 ദിര്‍ഹമും ശിക്ഷ വിധിച്ചു. ഇതിനു പുറമെ അനുബന്ധ ഫീസുകളും റസ്റ്റൊറന്റ് നല്‍കണം. പാറ്റ വീണ സീഫുഡ് സൂപ്പ് വിതരണം ചെയ്തതിനും റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാരില്‍ ഒരാള്‍ക്കുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ എടുത്ത കേസിലാണ് കോടതി വിധി.
ഭര്‍ത്താവിനൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സീഫുഡ് സൂപ്പ് ഓര്‍ഡര്‍ ചെയ്ത അവര്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ പാറ്റ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. ഭക്ഷണത്തില്‍ പാറ്റ കിടക്കുന്നതിന്റെ വീഡിയോയും അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
പിന്നീട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെസ്റ്റൊറന്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലവും പാകം ചെയ്യുന്ന രീതിയിലും സുരക്ഷിതമല്ലാത്തതും വൃത്തിഹീനവുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിശോധനാ സംഘത്തിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിനെതിരേ കോടതി പിഴ ചുമയത്തിയത്.
അതേസമയം, പരാതിക്കാരിയില്‍ നിന്നും കൂടെയുണ്ടായിരുന്ന ഭര്‍ത്താവില്‍ നിന്നും ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടറില്‍ നിന്നും കോടതി മൊഴിയെടുത്തിരുന്നു. അതോടൊപ്പം പരാതിക്കാരി പോലിസിന് സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രഥമദൃഷ്ട്യാ കോടതി കണ്ടെത്തുകയായിരുന്നു. റാസല്‍ഖൈമ അപ്പീല്‍ കോടതി കേസ് ജനുവരി 28ലേക്ക് മാറ്റി.
Discussion about this post