ന്യൂഡൽഹി : സൈന്യത്തിൻ്റെ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായുള്ള വിപുലമായ യുദ്ധഭൂമി നിരീക്ഷണ സംവിധാനം ‘സഞ്ജയ്’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. ഒരു കേന്ദ്രീകൃത വെബ് ആപ്ലിക്കേഷനിലൂടെ യുദ്ധഭൂമിയിലെ സുതാര്യത വർദ്ധിപ്പിക്കുന്ന സംവിധാനമാണിത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഈ സിസ്റ്റം.
സഞ്ജയ് എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഓട്ടോമേറ്റഡ് സിസ്റ്റം വിവിധ ഗ്രൗണ്ട്, ഏരിയൽ സെൻസറുകളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആർമി ഡാറ്റ നെറ്റ്‌വർക്ക്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്നിവ വഴിയുള്ള ഇൻപുട്ടുകൾ പ്രോസസ്സ് ചെയ്ത് കൃത്യത ഉറപ്പാക്കാനും ആവർത്തനം ഇല്ലാതാക്കാനും യുദ്ധഭൂമിയുടെ ഏകീകൃത നിരീക്ഷണ ചിത്രം നൽകാനും ഈ സംവിധാനത്തിന് കഴിയും.
വിവിധ സെൻസറുകളും അനലിറ്റിക്സും സംയോജിപ്പിച്ച് ഇന്ത്യൻ സൈന്യത്തിന് കൃത്യമായ ഇൻ്റലിജൻസ് നൽകുന്നതിന് സഞ്ജയ് ഏറെ സഹായകരമായിരിക്കും. 2,402 കോടി രൂപ ബജറ്റിൽ 2025 മുതൽ ഈ സിസ്റ്റത്തിന്റെ വിന്യാസം ആരംഭിക്കും. വിശാലമായ കര അതിർത്തികൾ നിരീക്ഷിക്കുകയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്യുന്നതിന് ഇന്ത്യൻ സൈന്യത്തെ സഹായിക്കാൻ ഈ സംവിധാനം കൊണ്ട് കഴിയുന്നതായിരിക്കും.
Discussion about this post