ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് ശേഷം ഐ ഫോണുകളുടെ പെർഫോമൻസിൽ തകരാര്‍ സംഭവിച്ചെന്ന ഉപഭോക്താക്കളുടെ പരാതിയിൽ ആപ്പിളിന് കേന്ദ്രം നോട്ടീസ് അയച്ചു. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ പ്രശ്നങ്ങൾ നേരിടുന്നതായുള്ള പരാതിയിൽ വിശദീകരണം ചോദിച്ചാണ് കേന്ദ്ര സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചത്. പെര്‍ഫോമന്‍സ് പ്രശ്‌നം കാണിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷ അതോറിറ്റിയാണ് (സിസിപിഎ) ആപ്പിളിന് നോട്ടീസ് അയച്ചതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു.
അപ്ഡേറ്റിന് ശേഷമുള്ള സാങ്കേതിക തകരാറിനെക്കുറിച്ച് നിരവധി പരാതികൾ ആണ് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ലഭിച്ചത്. ഇത് ആദ്യമായല്ല ആപ്പിളിനെതിരെ പരാതി ഉയരുന്നത്. സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നേരത്തേയും പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റിലെ പിഴവുകൾ ഡാറ്റ ചോരുന്നതിനും ഹാക്ക് ചെയ്യപെടുന്നതിനും കാരണമാകുമെന്ന് കഴിഞ്ഞ വർഷവും കേന്ദ്ര സർക്കാർ ആപ്പിൾ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഐഒഎസിന്‍റെയും ഐപാഡ്ഒഎസിന്‍റെയും വിവിധ വേർഷനുകളിലും പ്രശ്നമുള്ളതായി 2024ല്‍ രണ്ടുവട്ടം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post