കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മാനസികമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് പുതിയ പഠനം. നിരന്തരമായ ഫോണ്‍ ഉപയോഗം അവരെ അക്രമാസക്തവും ഹാലൂസിനേഷന്‍ (ഭ്രമാത്മകത) പോലുള്ള അവസ്ഥകളിലേക്കും മാറ്റുമെന്നാണ് പഠനത്തില്‍ പറയുന്നത്.
സാപിയന്‍സ് ലാബ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെന്‍ സീ-യിലെ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കുട്ടികള്‍ അവരുടെ പത്താം വയസില്‍ അല്ലെങ്കില്‍ അതിനും മുന്‍പു തന്നെ മൊബൈല്‍ ഫോണുകള്‍ സ്വന്തമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടാവും.
ഇങ്ങനെയുള്ള പകുതിയിലേറെ കുട്ടികളിലും അമിതമായ ദേഷ്യം, അക്രമസ്വഭാവം, ഹാലൂസിനേഷന്‍ തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചു വരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. 13നും 17നും ഇടയില്‍ പ്രായമായ കുട്ടികളില്‍ 56 ശതമാനവും മാനസികമായ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുന്നവരാണ്. ദുഃഖം, ഭയം, കുറ്റബോധം എന്നീ വികാരങ്ങള്‍ അവരെ വേട്ടയാടുകയാണെന്നും പഠനം പറയുന്നു. 50 ശതമാനത്തോളം കുട്ടികളിലും ഇത്തരം വികാരങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ബാധിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു.
17 വയസുള്ളവരെക്കാള്‍ 13 കാരിലാണ് മോശം മാനസികാവസ്ഥ കണ്ടെത്തിയതെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. 13 വയസുള്ള കുട്ടികള്‍ക്ക് അതിന് മുകളിലുള്ള പ്രായക്കാരെ സംബന്ധിച്ച് ഭ്രമാത്മകത അല്ലെങ്കില്‍ ഹാലൂസിനേഷന്‍ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം കൂടുതലാണ്.13നും 17നും ഇടയിലുള്ള പെണ്‍കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം 65 ശതമാനമാണെങ്കില്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ അത് 48 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post