തിരുവനന്തപുരം: രോഗി വനിതാ ഡോക്ടറുടെ കരണത്തടിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. വർക്കല സ്വദേശി നവാസിനെതിരെയാണ് (57) കേസെടുത്തിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു ആക്രമണം.
മെഡിക്കൽ കോളജിലെ മൂന്നാം വർഷ പിജി വിദ്യാർത്ഥിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായി ഡോ ഇ പി അമല (28) യ്ക്കാണ് മർദനമേറ്റത്. മൂക്കിൽ നിന്നും രക്തം വാർന്ന അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടറുടെ വലതു കരണത്താണ് അടിയേറ്റത്. മൂക്കിന്റെ വലതു വശത്ത് ക്ഷതം സംഭവിച്ച് രക്തമൊഴുകി. വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പോലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു.
രാത്രിയോടെയാണ് ബന്ധുക്കൾ നവാസിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം 22-ാം വാർഡിലേയ്ക്കു മാറ്റി. എന്നാൽ അവിടെ വച്ച് ഇയാൾ അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിൻ ട്യൂബുമെല്ലാം ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ഡോക്ടർക്കെതിരെ തിരിഞ്ഞത്.












