പൂനെ : പൂനെയിൽ ആശങ്കയായി അപൂർവ നാഡീ രോഗമായ ഗില്ലൻ ബാരി സിൻഡ്രോം(ജിബിഎസ്) സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതൊടെ മൊത്തം എണ്ണം 73 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
തുടക്കത്തിൽ സംശയാസ്പദമായ 24 കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്,പെട്ടെന്നുള്ള രോഗവ്യാപനം സംബന്ധിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 47 പുരുഷന്മാരും 26 സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 14 പേർ വെന്റിലേറ്ററിലാണ്.
ഗില്ലൻ ബാരി സിൻഡ്രോം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആളുകൾ പരിഭ്രാന്തരാകരുതെന്നും പൂനെ ന്യൂറോളജിക്കൽ സൊസൈറ്റി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ്വമായ രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. രോഗപ്രതിരോധ സംവിധാനം ഞെരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കഴുത്ത്, മുഖം, കണ്ണുകൾ തുടങ്ങിയവയെ രോഗം ബാധിക്കാം. കൈകാലുകൾക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതത്തിനും വരെ കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു. സ്പർശനം അറിയാതെയാകുകയോ മരവിപ്പോ ഉണ്ടാകുക, നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ബുദ്ധിമുട്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ജിബിഎസിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനായിട്ടില്ല. ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് വില്ലനാകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ആളുകളിൽ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് കാംപിലോബാക്റ്റർ. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം രോഗം പടർന്നിരിക്കുക എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post