ന്യൂഡല്‍ഹി : സ്ത്രീധനക്കേസ് പ്രതിക്കെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി. ജാര്‍ഖണ്ഡില്‍ നിന്നുള്ള സ്ത്രീധന പീഡനക്കേസ് പ്രതി യോഗേശ്വര്‍ സാവോയ്ക്കാണ് സുപ്രീംകോടതിയുടെ രൂക്ഷ ശകാരം. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോട്ടീശ്വര്‍ സിംഗ് എന്നിവരുടെ ബെഞ്ച്.
സ്ത്രീധനം ചോദിച്ച് ഭാര്യയ്ക്ക് നിത്യവും അടി. ഗര്‍ഭപാത്രം നിര്‍ബന്ധിച്ച് നീക്കം ചെയ്യിപ്പിച്ചു. എന്നിട്ട് മറ്റൊരു പെണ്ണുകെട്ടി. ദിവസം മുഴുവന്‍ പൂജയും ജപവുമാണ്. എന്നിട്ടാണ് ഈ പരിപാടികള്‍. ഇത്രയും ക്രൂരനായ ഒരാളെ കോടതിയില്‍ എങ്ങനെ കയറ്റാന്‍ കഴിയും. കോടതി ചോദിച്ചു.
പെണ്‍മക്കളെ കുറിച്ച് ഒരു ചിന്തയുമില്ലാത്തയാളുമാണ് പ്രതിയെന്നും കോടതി നിരീക്ഷിച്ചു. തന്റെ കൃഷിഭൂമി രണ്ട് പെണ്‍മക്കള്‍ക്കായി എഴുതികൊടുക്കാമെന്ന് ഉറപ്പു നല്‍കിയാല്‍ എന്തെങ്കിലും അനുകൂല ഉത്തരവ് നല്‍കാമെന്നും പറഞ്ഞു. നിലപാട് അറിയിക്കാന്‍ സമയം നല്‍കിയിരിക്കുകയാണ്.
50,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നെന്ന ഭാര്യയുടെ പരാതിയില്‍ 2015ലാണ് വിചാരണക്കോടതി രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചത്. 11 മാസം ജയിലില്‍ കഴിഞ്ഞു. ഇതിനിടെ ജാര്‍ഖണ്ഡ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു. ശിക്ഷ ഒന്നരവര്‍ഷമാക്കി കുറച്ചു. ഒരു ലക്ഷം പിഴയുമിട്ടു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post