ന്യൂഡൽഹി: ഇത്തവണത്തെ, അതായത് ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന സവിശേഷത വെളിപ്പെടുത്തി വിദേശ കാര്യമന്ത്രാലയം.ചരിത്രത്തിൽ ആദ്യമായി ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു മാർച്ചിംഗ് സംഘവും ബാൻഡും റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് കാഴ്ചപ്പാടിലും നിർണായക പങ്കാളിയെന്ന നിലയിൽ ഇന്തോനേഷ്യ ഒരു പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി (കിഴക്കൻ) ജയ്ദീപ് മജുംദാർ വ്യക്തമാക്കി.ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള ഒരു പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡോനേഷ്യൻ പ്രസിഡന്റിന്റെ സന്ദർശനത്തെ “സമയബന്ധിതവും” “പ്രധാനവും എന്ന് വിശേഷിപ്പിച്ച അദ്ദേഹം വിശാലവും വിപുലവുമായ ചർച്ചകൾക്കാണ് ഇരു രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്നതെന്നും വെളിപ്പെടുത്തി.
“നാളെ, (ഇന്തോനേഷ്യൻ) പ്രസിഡന്റ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ റിപ്പബ്ലിക് ദിന പരേഡിന്റെ ഒരു ശ്രദ്ധേയമായ സവിശേഷത, ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു മാർച്ചിംഗ് സംഘവും ഒരു ബാൻഡും ഞങ്ങളുടെ പരേഡിന് നേതൃത്വം നൽകും എന്നതാണ്. റിപ്പബ്ലിക് ദിനത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു സംഘം റിപ്പബ്ലിക്ക് പരേഡിൽ മാർച്ച് ചെയ്യുന്നത് ഇതാദ്യമാണെന്ന് മാത്രമല്ല , ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം, വിദേശത്ത് എവിടെയെങ്കിലും ഒരു സൈനിക ബാൻഡും സൈനിക സംഘവും ഒരു പരേഡിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഇന്ത്യ സന്ദർശിക്കുന്നത് . ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി കൂടിയാണ് അദ്ദേഹം. 2024 ഒക്ടോബറിൽ അധികാരമേറ്റതിനുശേഷം പ്രബോവോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്
Discussion about this post