വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കടുവയെ നരഭോജിയായി പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത്.
ഔദ്യോഗികമായി നരഭോജിയായി പ്രഖ്യാപിച്ചതോടെ കടുവയെ ഇനി കാണുന്നിടത്ത് വച്ച് വെടിവെച്ച് കൊല്ലാവുന്നതാണ്. സാധാരണ അവസരങ്ങളിൽ കടുവയെ കൂടുവെച്ച് പിടിക്കുക, മയക്കുവെടി വെക്കുക എന്നീ നടപടിക്രമങ്ങൾക്ക് ശേഷം ആയിരിക്കും വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് കടക്കുക. എന്നാൽ നരഭോജിയായി പ്രഖ്യാപിച്ച സ്ഥിതിക്ക് മറ്റു നടപടികളിലേക്ക് കടക്കാതെ നേരിട്ട് വെടിവെക്കാവുന്നതാണ്.
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കടുവയുടെ സാന്നിധ്യമുള്ള പ്രദേശത്തെ അടിക്കാടുകൾ വെടിത്തെളിക്കുന്നതിനും ഉന്നതതല യോഗം തീരുമാനമെടുത്തു. വനത്തിനകത്തെ അടിക്കാടുകൾ വനം വകുപ്പും തോട്ടങ്ങളിലെ അടിക്കാടുകൾ തോട്ടം ഉടമകളും വെട്ടിത്തെളിക്കണമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. മേഖലയിൽ വന്യമൃഗ ഭീഷണിയുള്ള ആറോളം പഞ്ചായത്തുകളിൽ പട്രോളിങ് നടത്താനും തീരുമാനമായിട്ടുണ്ട്.
Discussion about this post