ന്യൂയോര്‍ക്ക്: അമേരിക്കയിലെ ട്രാന്‍സ് വിഭാഗങ്ങളിലുള്ള തടവുകാര്‍ക്കെതിരെ നടപടിയുമായി ഡോണള്‍ഡ് ട്രംപ്. നിലവില്‍ ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റണമെന്നാണ്് ട്രംപിന്റെ നിര്‍ദ്ദേശം. ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാര്‍ക്ക് നിഷേധിക്കണമെന്നും ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. ജനിച്ച സമയത്തുള്ള ലിംഗ ഭേദത്തില്‍ വ്യത്യാസം വരുത്തുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ഇതോടെ അവസാനിപ്പിക്കുന്നുവെന്നും ട്രംപിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
എന്നാല്‍ ട്രാന്‍സ് വിഭാഗത്തിലുള്ള തടവുകാരുടെ ജീവന്‍ വരെ അപകടത്തിലാക്കുന്നതാണ് ഈ നടപടിയെന്നാണ് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റുകളുടെ നിരീക്ഷണം. പുരുഷന്മാരുടെ ജയിലുകളില്‍ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങളും ശാരീരിക അക്രമങ്ങളുമുണ്ടാകുമെന്നാണ് അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.
അതേസമയം ഏകലിംഗ തടവറകള്‍ക്കായി വാദിക്കുന്ന വിമന്‍സ് ലിബറേഷന്‍ ഫ്രണ്ട് ട്രംപിന്റെ നീക്കത്തെ വലിയ വിജയമെന്നാണ് നിരീക്ഷിക്കുന്നത്.ആണും പെണ്ണും എന്ന ജെന്‍ഡര്‍ മാത്രമേ ഇനി യുഎസില്‍ ഉണ്ടാകൂ, സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Discussion about this post