വാഷിംഗ്ടൺ : ഗാസയിലെ യുദ്ധ അവശിഷ്ടങ്ങൾക്കിടയിൽ വീണ്ടും താമസിക്കുക എന്നുള്ളത് ക്ലേശകരമാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. ഗാസ വീണ്ടും ജനവാസ യോഗ്യമാകണമെങ്കിൽ എല്ലാ അവശിഷ്ടങ്ങളും നീക്കി വൃത്തിയാക്കേണ്ടതുണ്ട്. അതിനായി നിലവിൽ ഗാസയിലുള്ള അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ഈജിപ്തും ജോർദാനും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഗാസയിലെ അഭയാർത്ഥികളെ ഏറ്റെടുക്കണം എന്നാണ് താനാഗ്രഹിക്കുന്നത് എന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചു. ജോർദാൻ രാജാവ് അബ്ദുള്ളയോട് താൻ ഫോണിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ഈജിപ്ത് പ്രസിഡണ്ടിനോടും ആവശ്യം ഉന്നയിക്കും. മറ്റ് അറബ് രാജ്യങ്ങളും ഗാസയിലെ അഭയാർത്ഥികളെ ഏറ്റെടുക്കാൻ തയ്യാറാവണം എന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ഈ ആവശ്യത്തിനെതിരെ ഹമാസ് രംഗത്ത് വന്നു. അത്തരത്തിലുള്ള എല്ലാ നടപടികളെയും എതിർക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ഗാസ തങ്ങളുടെ പൂർവിക ഭവനമാണ്, അവിടെ നിന്നും ഒഴിപ്പിക്കുന്നത് പ്രകോപനപരമാണ്. പലസ്തീനികൾ ഈ നടപടിയെ ശക്തമായി എതിർക്കും എന്നും ഹമാസ് അറിയിച്ചു. അതേസമയം ഇസ്രായേലിലേക്ക് ബോംബുകൾ അയയ്ക്കുന്നതിന് മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് ട്രംപ് നീക്കി. 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിലേക്ക് അയക്കാനാണ് ട്രംപ് അനുമതി നൽകിയിരിക്കുന്നത്.
Discussion about this post