അമൃത്സർ : പഞ്ചാബിൽ റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധം നടത്തിയതിന് ഒരാൾ അറസ്റ്റിൽ. ഭരണഘടന കത്തിച്ച പ്രതി അംബേദ്കറുടെ പ്രതിമ തകർക്കാനും ശ്രമിച്ചു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിലെ ഭീംറാവു അംബേദ്കറുടെ പ്രതിമ തകർക്കാൻ ആയിരുന്നു ശ്രമം നടത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് വിവിധ ദളിത് സാമൂഹിക സംഘടനകൾ സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചു. ഖാലിസ്ഥാൻ അനുകൂലിയാണ് പ്രതിഷേധം നടത്തിയത് എന്നാണ് സൂചന.
സംഭവത്തെ തുടർന്ന് ഭീംറാവു അംബേദ്കറുടെ പ്രതിമയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി അമൃത്സറിന് പുറത്തുനിന്നുള്ള ആളാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാൾക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങൾ അടക്കം അന്വേഷിക്കും എന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിവിധ മത-സാമൂഹിക സംഘടനകൾ അമൃത്സർ ബന്ദ് പ്രഖ്യാപിച്ചു.
Discussion about this post