ബെയ്‌ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ അന്താരാഷ്ട്ര വകുപ്പ് മേധാവി ലിയു ജിയാൻചാവോയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഞായറാഴ്ച ബീജിംഗിൽ കൂടിക്കാഴ്ച നടത്തി. ലഡാക്ക് അതിർത്തി കരാർ സംബന്ധിച്ച സമവായം നടപ്പിലാക്കൽ, സംഭാഷണം ശക്തിപ്പെടുത്താനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ ആശങ്കയുള്ള വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഇരു ഉദ്യോഗസ്ഥരും ചർച്ച ചെയ്തു.
2024 അവസാനത്തോടെ ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് മിസ്‌റിയുടെ സന്ദർശനം. ലഡാക്കിലെ സൈനിക സംഘർഷങ്ങളെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര അകൽച്ച ഉണ്ടായിരിന്നു. ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ ഉൾപ്പെടെയുള്ള ഉഭയകക്ഷി പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുന്നത്, രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ, ചൈനീസ് പൗരന്മാർക്ക് വിസ സൗകര്യം ഒരുക്കുന്നത് എന്നിവയെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ചൈനയിലേക്കുള്ള യാത്രയെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ഒരു മാധ്യമസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനമെന്നും മാവോ കൂട്ടിച്ചേർത്തു.
Discussion about this post