രൺബീർ കപൂർ നായകനായി എത്തുന്ന രാമായണം എന്ന പുതിയ ചിത്രത്തിൽ ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രത്തിൽ കൈകസിയുടെ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രഭാസിൻ്റെ ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിനു ശേഷം ശോഭന അഭിനയിക്കുന്ന പാൻ ഇന്ത്യൻ സിനിമ ആയിരിക്കും രാമായണം. നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമ്മിക്കുന്ന രാമായണം അടുത്ത വർഷം ദീപാവലിക്ക് തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. രണ്ടു ഭാഗങ്ങൾ ആയിട്ടായിരിക്കും രാമായണത്തിന്റെ പൂർണ്ണകഥ റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം 2027ൽ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്.
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യൻ താരം യാഷ് ആണ് ഈ ചിത്രത്തിൽ രാവണനായി അഭിനയിക്കുന്നത്. രാവണന്റെ അമ്മയായ കൈകസിയെ ആണ് ശോഭന ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശ്രവമുനിയുടെ ഭാര്യയും രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, ശൂർപ്പണഖ എന്നിവരുടെ അമ്മയുമായ കൈകസിയെ ശോഭനയെ പോലെ ഒരു ഇതിഹാസതാരത്തിലൂടെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Discussion about this post