പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര അടുത്തതായി കൊല്ലാൻ ലക്ഷ്യമിട്ടത് തന്നെ ആയിരുന്നുവെന്ന് കൊല്ലപ്പെട്ട സുധാകരന്റെ അയൽവാസി പുഷ്പ. ചെന്താമരയെ ഭയന്ന് ശുചിമുറിയിൽ പോലും പോയിരുന്നില്ല. വലിയ ഭയത്തിൽ ആയിരുന്നു ഇതുവരെ കഴിഞ്ഞത് എന്നും പുഷ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചെന്താമര കൊലപ്പെടുത്താനുദ്ദേശിച്ചവരുടെ പട്ടികയിൽ ഞാനും ഉണ്ട്. എപ്പോൾ വേണമെങ്കിലും അയാൾ എന്നെ കൊലപ്പെടുത്തും. മരണഭയത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ജാമ്യത്തിൽ ഇറങ്ങി ഇവിടെയെത്തിയ ശേഷം ഇയാൾ പലതവണ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് അയാൾ അയൽക്കാരോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഭീഷണിയുണ്ടെന്ന് പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഫലം കണ്ടില്ലെന്നും പുഷ്പ ആരോപിച്ചു.
ഇന്നലെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ സുധാകരൻ ഇവിടെ നിന്നും തിരികെ മടങ്ങാനായി വാഹനത്തിൽ കയറുകയായിരുന്നു. ഇതിനിടെ വെട്ടുകത്തിയുമായി പാഞ്ഞെടുത്ത ചെന്താമര സുധാകരന്റെ കഴുത്ത് ലക്ഷ്യമിട്ട് വെട്ടുകയായിരുന്നു. ബഹളംകേട്ട് ലക്ഷ്മി ഓടിയെത്തി. ഇതോടെ ലക്ഷ്മിയെയും വെട്ടുകയായിരുന്നു.
സാരമായി പരിക്കേറ്റ സുധാകരൻ തത്ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ലക്ഷ്മിയുടെ മരണം സംഭവിച്ചത്. പ്രതിയ്ക്കായി പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.












