സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ബാങ്ക് ,സാമ്പത്തിക വിവരങ്ങള്‍ വരെ സൂക്ഷിക്കുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു. എന്നാല്‍ ഈ ഡാറ്റ ആരെങ്കിലും ആക്സസ് ചെയ്താല്‍ അത് ബുദ്ധിമുട്ടിലേക്ക് നയിക്കുകയും ചെയ്യും. ഇപ്പോഴിതാ ഇത്തരം ഡാറ്റ മോഷണം തടയാനായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഐഡന്റിറ്റി ചെക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതൊരു ബയോമെട്രിക് അധിഷ്ഠിത ഫീച്ചറാണ്.
ഇത് മോഷണം പോകുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഡാറ്റയെ സംരക്ഷിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് 15-ല്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പിക്സല്‍, സാംസങ് ഗാലക്സി ഫോണുകള്‍ക്കായാണ് ഈ ഫീച്ചര്‍ പുറത്തിറക്കുന്നത്.
ഫോണ്‍ സ്വന്തം വീട് പോലെയുള്ള വിശ്വസനീയമായ ലൊക്കേഷനുകള്‍ക്ക് പുറത്തായിരിക്കുമ്പോള്‍ മാത്രമേ ഈ അധിക സുരക്ഷാ ഫീച്ചര്‍ പ്രവര്‍ത്തനം തുടങ്ങൂ. ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ പാസ് വേഡും മറ്റും അറിയുന്ന ഒരാള്‍ എടുത്ത് തുറന്ന് ഉപയോഗിക്കുന്നതിനും ഈ ഫീച്ചര്‍ തടയും.
ലൊക്കേഷനുകള്‍ക്ക് പുറത്തുള്ള ഫോണിലെ സെറ്റിംഗ്‌സുകളും അക്കൗണ്ടുകളും ആക്സസ് ചെയ്യുന്നതിന് ഒരാള്‍ക്ക് അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരും. ഉപയോക്താക്കള്‍ക്ക് ഒന്നിലധികം വിശ്വസനീയമായ ലൊക്കേഷനുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഫീച്ചറിനുണ്ട്. ഒരാള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, അയാള്‍ക്ക് പിന്‍ കോഡ് മാറ്റാനും കഴിയില്ല.
അതായത് ഐഡന്റിറ്റി ചെക്ക് ഫീച്ചര്‍ മോഷ്ടാക്കള്‍ക്ക് ആന്റി-തെഫ്റ്റ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനോ നിങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ മാറ്റുന്നതിനോ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. പക്ഷേ നിങ്ങളുടെ ഫോണ്‍ ആക്സസ് ചെയ്യുന്ന വ്യക്തി ഇതിനകം ഈ വിശ്വസനീയമായ ലൊക്കേഷനുകളില്‍ ഒന്നിലാണെങ്കില്‍ ഇത് സഹായകരമാകണം എന്നില്ലെന്നതും ഗൂഗിള്‍ വിശദമാക്കുന്നു.
Discussion about this post