ന്യൂഡൽഹി: 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന് നൽകപ്പെട്ട രണ്ടിരട്ടി കാലഘട്ടം അതിജീവിച്ചതായും 100-ലധികം മൺസൂണുകൾ കടന്നു പോയതായും വ്യക്തമാക്കി സുപ്രീം കോടതി. എന്നാൽ പതിറ്റാണ്ടുകളായി അണക്കെട്ട് തകരുമോ എന്ന ഭയത്തിലാണ് ജനങ്ങൾ ജീവിക്കുന്നതെന്നും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ചൊവ്വാഴ്ച നിരീക്ഷിച്ചു. മഴക്കാലം വരാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് വിഷയം വന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
നൂറു വർഷമായി അണക്കെട്ട് തകരുമെന്ന ഭീതിയിലാണ് ജനങ്ങൾ ജീവിക്കുന്നതെന്ന് ജസ്റ്റിസ് റോയ് വാക്കാൽ പറഞ്ഞു. അതുകൂടാതെ ഒന്നര വർഷമായി താൻ ആ ഭീഷണിയിൽ ജീവിച്ചിരുന്നുവെന്നും ജസ്റ്റിസ് റോയ് വെളിപ്പെടുത്തി. എന്നാൽ അണക്കെട്ട് തകർന്നാൽ 15 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നതിനാൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഹർജ്ജിക്കാരന്റെ അഭിഭാഷകൻ ഊന്നിപ്പറഞ്ഞു.
ഈ മാസം ആദ്യം, സുപ്രീം കോടതി രൂപീകരിച്ച മേൽനോട്ട സമിതിക്ക് അണക്കെട്ടിന്റെ പരിപാലനം നൽകുന്നത് കൂടുതൽ ഫലപ്രദമാകുമോ അതോ 2021 ലെ പുതിയ ഡാം സുരക്ഷാ നിയമപ്രകാരം വിഭാവനം ചെയ്ത ഒരു സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിക്ക് നൽകണോ എന്ന് സുപ്രീം കോടതി കേരളത്തോടും തമിഴ്‌നാടിനോടും വാക്കാൽ ചോദിച്ചിരുന്നു.
Discussion about this post