ന്യൂഡൽഹി : അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പിട്രോഡ. കേന്ദ്രസർക്കാർ ഡൽഹി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും അനധികൃത കൂടിയേറ്റക്കാരെ തുരത്തുകയാണ്. ബംഗ്ലാദേശികൾ അടക്കമുള്ള അനധികൃത കുടിയേറ്റക്കാർ വിശപ്പും ദാരിദ്ര്യവും മൂലമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അവരോട് കരുണ കാണിക്കുകയാണ് ചെയ്യേണ്ടത് എന്നും സാം പിട്രോഡ അഭിപ്രായപ്പെട്ടു.
“അനധികൃത കുടിയേറ്റം തെറ്റായിരിക്കാം. പക്ഷേ അവർ ഈ രാജ്യത്തേക്ക് വരാൻ വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു. സ്വന്തം രാജ്യത്തെ ദാരിദ്ര്യവും വിശപ്പും ആണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ള അനധികൃത കുടിയേറ്റക്കാരെ തുരത്തി ഓടിക്കുന്നതിന് പകരം അനുകമ്പയുള്ള സമീപനമാണ് കേന്ദ്രസർക്കാർ കാണിക്കേണ്ടത്. എന്നാൽ ബിജെപി സർക്കാർ അനധികൃത കുടിയേറ്റക്കാരെ വേട്ടയാടുകയാണ് ചെയ്യുന്നത്. അനധികൃത കുടിയേറ്റം പോലെയുള്ള വിഷയങ്ങൾക്ക് പകരം കേന്ദ്രസർക്കാർ ആഗോളതാപനം പോലെയുള്ള പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം” എന്നുമാണ് ഡൽഹി ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ അധ്യക്ഷൻ കൂടിയായ സാം പിട്രോഡ അഭിപ്രായപ്പെട്ടത്.
പതിവുപോലെ തന്നെ സാം പിട്രോഡയുടെ പരാമർശങ്ങൾ കോൺഗ്രസിനെ പുതിയ വിവാദ കുരുക്കിൽ ആക്കിയിരിക്കുകയാണ്. നേരത്തെ ദക്ഷിണേന്ത്യയിൽ ഉള്ളവർ ആഫ്രിക്കക്കാരെ പോലെയാണെന്നുള്ള പിട്രോഡയുടെ പ്രസ്താവന കോൺഗ്രസിനെ കുഴപ്പത്തിലാക്കിയിരുന്നു. ഇപ്പോൾ അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള സാം പിട്രോഡയുടെ പരാമർശങ്ങൾക്ക് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കോൺഗ്രസിനെതിരെ ഉയരുന്നത്. നിരുത്തരവാദപരവും അതിക്രമപരവുമായ പ്രസ്താവനകളാണ് രാഹുൽ ഗാന്ധിയുടെ വലംകൈയായ സാം പിട്രോഡ നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
Discussion about this post