മൗനി അമാവാസി ദിനമായ ജനുവരി 29ന് മഹാകുംഭമേളയിലെ രണ്ടാം അമൃത സ്നാനം നടക്കും. മകരസംക്രാന്തിക്ക് ആയിരുന്നു ആദ്യ അമൃത സ്നാനം നടന്നിരുന്നത്. രണ്ടാം അമൃത സ്നാനം മാഘ മാസത്തിലെ അമാവാസി ദിനമാണ് നടക്കുക. അഘാരകളിലെ സന്യാസിമാരും നാഗ സന്യാസിമാരും പ്രത്യേക സ്നാനം നടത്തുന്ന ദിവസമായിരിക്കും നാളെ.
മൗനി അമാവാസി ദിവസം പുണ്യനദികളിൽ കുളിച്ചാൽ എല്ലാ പാപങ്ങളും നശിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. നിർമ്മൽ അഖാരയിലെ സന്യാസിമാർ രാവിലെ 3.40 മുതൽ 4.20 വരെ പുണ്യ സ്നാനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. മഹാനിർവാണി സന്യാസിമാർ രാവിലെ 6.15 ന് വിശുദ്ധ സ്നാനത്തിനായി എത്തും.
ഉത്തരേന്ത്യയിൽ ഹൈന്ദവ വിശ്വാസികൾ മൗനി അമാവാസി ദിനത്തിൽ ഉപവാസം ആചരിക്കുകയും പൂർവ്വികർക്കായുള്ള പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതാണ്. ഈ ദിവസം ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നത് ഏറെ പുണ്യകരമായി കരുതപ്പെടുന്നു. അഘാരകളും നാഗസന്യാസിമാരും വിശുദ്ധ സ്നാനത്തിനായി എത്തുന്നതിനാൽ വലിയ ക്രമീകരണങ്ങളാണ് പോലീസും ഭരണകൂടവും നടത്തുന്നത്. മകരസംക്രാന്തി ദിനത്തിലെ അമൃത സ്നാനത്തിൽ നാഗസന്യാസിമാരുടെ സ്നാന ഘട്ടത്തിലേക്ക് മറ്റുഭക്തർ കൂടി കടന്നു കയറിയത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നതിനാൽ ഇത്തവണ പ്രത്യേക ബാരിക്കേഡുകൾ ഉപയോഗിച്ച് സന്യാസിമാർ അല്ലാത്ത ഭക്തരെ ഈ സ്നാന ഘട്ടുകളിൽ തടയുന്നതായിരിക്കും.
മാഘ മാസത്തിലെ അമാവാസി തിഥി ജനുവരി 28 ന് വൈകുന്നേരം 7:32 ന് ആരംഭിച്ച് ജനുവരി 29 ന് വൈകുന്നേരം 6:05 ന് അവസാനിക്കും. ഈ ദിവസം പൂർവ്വികർക്ക് വഴിപാടുകളും ദാനങ്ങളും അർപ്പിക്കുന്നതിലൂടെ പൂർവികരുടെ അനുഗ്രഹം ലഭിക്കുകയും ഗ്രഹദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം ഈ വർഷത്തെ മൗനി അമാവാസിയിൽ ചന്ദ്രൻ, ബുധൻ, സൂര്യൻ എന്നിവർ മകരരാശിയിൽ ത്രിവേണിയോഗം സൃഷ്ടിക്കുന്നതിനാൽ ഹൈന്ദവ വിശ്വാസപ്രകാരം ഈ ദിവസത്തിന് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.
Discussion about this post