തിരുവനന്തപുരം : മീറ്ററിടാതെ ഓടിയാൽ പണം നൽകേണ്ടെന്ന സ്റ്റിക്കർ സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന് ഉത്തരവിറക്കി ട്രാൻസ്പോർട്ട് അതോറിറ്റി. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും നാല് ക്യാമറകൾ ഘടിപ്പിക്കണമെന്നും ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവുണ്ട്. ബസ്സിലെ യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള മൂന്ന് ക്യാമറകളും ഡ്രൈവർ ഉറങ്ങിപ്പോകുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ ഉള്ള ഒരു അലാം ക്യാമറയും ആണ് ബസുകളിൽ ഘടിപ്പിക്കേണ്ടത്.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സ്കൂൾ ബസുകളും അടക്കം എല്ലാ ബസ്സുകളിലും ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ബസിൻ്റെ മുൻവശവും പിൻവശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ആണ് യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ഘടിപ്പിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷകളും മീറ്റർ ഇട്ട് ഓടണമെന്ന് നേരത്തെ തന്നെ നിർദ്ദേശം ഉണ്ടായിരുന്നു. ഇക്കാര്യം ഉറപ്പാക്കുന്നതിനാണ് മീറ്റർ ഇടാതെ ഓടിയാൽ പണം നൽകേണ്ട എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 31 വരെയാണ് ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കുന്നതിനും ബസുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിനും ആയി സമയം നൽകിയിരിക്കുന്നത്.
Discussion about this post