ഐപിഎൽ 2026 സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വലിയ പ്രതിസന്ധിയിൽ. തങ്ങളുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ച ആർസിബിക്ക്, നവി മുംബൈയിൽ കളിക്കണമെങ്കിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിന്റെ അനുവാദം തേടേണ്ടി വരും.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായുള്ള തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ആർസിബി ഹോം ഗ്രൗണ്ട് മാറ്റാൻ തീരുമാനിച്ചത്. ആകെ ഏഴ് ഹോം മത്സരങ്ങളിൽ അഞ്ചെണ്ണം നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലും, രണ്ടെണ്ണം റായ്‌പൂരിലെ വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലും നടത്താനാണ് ആർസിബി ലക്ഷ്യമിടുന്നത്.
ഐപിഎൽ നിയമപ്രകാരം ഒരു ടീം മറ്റൊരു ടീമിന്റെ നഗരത്തിൽ ഹോം മത്സരങ്ങൾ നടത്തണമെങ്കിൽ അവിടുത്തെ പ്രാദേശിക ഫ്രാഞ്ചൈസിയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. നവി മുംബൈയിൽ ആർസിബി മത്സരങ്ങൾ നടത്തിയാൽ അത് മുംബൈ ഇന്ത്യൻസിന്റെ ടിക്കറ്റ് വരുമാനത്തെയും ബ്രാൻഡ് മൂല്യത്തെയും ബാധിക്കുമെന്നതിനാലാണ് ഈ നിബന്ധന.
എന്തായാലും ബിസിസിഐ ആവശ്യപ്പെട്ട പ്രകാരം മുംബൈ ഇന്ത്യൻസിൽ നിന്ന് ഔദ്യോഗികമായ അനുമതി പത്രം ലഭിക്കാനായി കാത്തിരിക്കുകയാണ് ആർസിബി മാനേജ്‌മെന്റ്.












Discussion about this post