ന്യൂഡൽഹി: രാജ്യവ്യാപകമായി എല്ലാ ഔദ്യോഗിക,വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് ഉപഭോക്തൃ മന്ത്രാലയം. ഈ വരുന്ന ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശം.
ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) റൂൾസ് 2024 ൽ സമയം ഏകീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുമെന്നാണ് കരട് നിയമത്തിൽ പറയുന്നത്.
രാജ്യത്തെ എല്ലാ മുക്കും മൂലയിലും ഒരു മില്ലി സെക്കൻഡ് പോലും വ്യത്യാസമില്ലാതെ ഇന്ത്യൻ സമയം ഇനി ഏകീകരിക്കപ്പെടും.ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുക. ഫരീദാബാദിലെ ലാബിൽ ലഭിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം, അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഗോഹട്ടി എന്നിവിടങ്ങളിലെ ആറ്റൊമിക് ക്ലോക്കുകളുമായി ഒപ്റ്റിക്കൽ ഫൈബർ ലിങ്ക് ഉപയോഗിച്ച് ബന്ധിപ്പിക്കും. നിലവിൽ ഡിജിറ്റൽ വാച്ചുകൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയിൽ കാണിക്കുന്ന സമയം ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർമാർ വ്യത്യസ്ത സ്രോതസുകളിൽനിന്ന് ലഭ്യമാക്കുന്നതാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതെല്ലാം ആറ്റൊമിക് ക്ലോക്കുകളിലെ കിറുകൃത്യമായ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ആയി മാറും.
ടെലികമ്യൂണിക്കേഷൻസ്,ബാങ്കിംഗ്,പ്രതിരോധം,പുത്തൻ സാങ്കേതിക വിദ്യകൾ,ഐഐ,സൈബർ സെക്യൂരിറ്റി തുടങ്ങിയ അതിപ്രധാനമായ മേഖലകളിൽ ചെറിയ സമയവ്യത്യാസം പോലും ഏറെ നിർണായകമാണെന്ന നിഗമനത്തിൽ നിന്നാണ് ഇത് ഉണ്ടായിരിക്കുന്നത്.
Discussion about this post