കോപ്പിറൈറ്റ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ നടി സ്വര ഭാസ്കറിന്റെ എക്‌സ് അക്കൗണ്ടിന് പെർമനന്റ് സസ്പെൻഷൻ. റിപ്പബ്ലിക് ദിനത്തിൽ നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ പകർപ്പവകാശ നിയമലംഘനം ആണെന്നാണ് എക്സ് ചൂണ്ടിക്കാട്ടുന്നത്. എക്സിന്റെ ഈ തീരുമാനം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പരിഹാസപരമായ തീരുമാനം ആണെന്ന് സ്വര ഭാസ്കർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
കാവി പശ്ചാത്തലത്തിലുള്ള മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ “ഗാന്ധി, ഞങ്ങൾ ലജ്ജിക്കുന്നു; നിങ്ങളുടെ കൊലയാളികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്നെഴുതിയ ചിത്രമായിരുന്നു റിപ്പബ്ലിക് ദിനത്തിൽ സ്വര ഭാസ്കർ എക്‌സിൽ പങ്കുവെച്ചിരുന്നത്. അതൊരു നാഗരിക ആധുനിക നാടോടി ശൈലിക്ക് സമാനമാണ്, അല്ലാതെ പകർപ്പ് അവകാശ ലംഘനം അല്ല എന്നാണ് സ്വര ഭാസ്കർ ഈ ചിത്രത്തെ കുറിച്ച് എക്സിനോട് വ്യക്തമാക്കിയിരിക്കുന്നത്.
വിഷയം കൂടുതൽ പരിശോധിക്കാൻ എക്‌സിനോട് അഭ്യർത്ഥിച്ചതായി സ്വര ഭാസ്കർ അറിയിച്ചു. “ഈ ട്വീറ്റുകൾ വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഉപയോക്താവിനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അതായത് എൻ്റെ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അടിച്ചമർത്താൻ ലക്ഷ്യമിടുന്നു. ദയവായി നിങ്ങളുടെ തീരുമാനം അവലോകനം ചെയ്ത് മാറ്റുക” എന്നാണ് എക്‌സിന് നൽകിയിരിക്കുന്ന പരാതി കുറിപ്പിൽ സ്വര ഭാസ്കർ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post