എറണാകുളം : തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനും സഹപാഠികൾക്കും എതിരെ പരാതിയുമായി അമ്മ. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്നാണ് അമ്മയുടെ പരാതി. മകന്റെ മരണശേഷം അവന്റെ ഏതാനും സുഹൃത്തുക്കൾ അയച്ചുതന്ന ചില മൊബൈൽ ചാറ്റുകളിൽ നിന്നുമാണ് കുട്ടി ഇത്രയും വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി മനസ്സിലായതെന്നും വിദ്യാർത്ഥിയുടെ അമ്മ വ്യക്തമാക്കി.
ഗ്ലോബൽ പബ്ലിക് സ്കൂളിലെ സഹപാഠികൾ നിറത്തിന്റെ പേരിൽ വിദ്യാർത്ഥിയെ നിരന്തരം പരിഹസിക്കുമായിരുന്നു. സഹപാഠികളിൽ നിന്ന് വലിയ പീഡനങ്ങൾ ആയിരുന്നു കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. വിദ്യാർത്ഥിയെക്കൊണ്ട് സഹപാഠികൾ ടോയ്‌ലറ്റിൽ നക്കിച്ചതായും ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയിൽ സൂചിപ്പിക്കുന്നു.
ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർത്ഥി മരിച്ചത്. തൃപ്പൂണിത്തുറ ചോയ്സ് ടവറിൽ താമസിക്കുന്ന സരിൻ- റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദാണ് മരിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ. ജീവനൊടുക്കിയ ദിവസം പോലും കുട്ടിക്ക് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നതായി മൊബൈൽ ചാറ്റുകളിൽ നിന്ന് വ്യക്തമായതായി അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ഉന്നയിക്കുന്നു.
Discussion about this post