ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024-25ലെ സാമ്പത്തിക സർവേ നിർമല സീതാരാമൻ പാർലമെന്റിൽ വച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, നാല് മുൻ പാർലമെന്റ് അംഗങ്ങൾ, യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ എന്നിവർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ലോക്‌സഭാ നടപടികൾക്ക് തുടക്കമായത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സർവേ തയ്യാറാക്കിയത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം ജിഡിപി വളർച്ചയുണ്ടായതായി സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നു. കാർഷിക മേഖലയിൽ 3.8 ശതമാനം വളർച്ചയുണ്ടായി. സേവന മേഖല 7.2 ശതമാനം വളരുമെന്നും സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 6.3-6.8 ശതമാനം വരെ വളരുമെന്ന പ്രതീക്ഷയും സാമ്പത്തിക സർവേ മുന്നോട്ട് വയ്ക്കുന്നു. താജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2.6 ശതമാനമായി താഴ്ന്നു. 12 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രിൽ നവംബർ കാലയളവിൽ 17.9 ശതമാനം വർദ്ധിച്ചതായും സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നു. മാലിന്യ സംസ്‌കരണത്തിൽ മാതൃകാപരമായ പ്രകടനം കാഴ്ചവച്ച ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമ പഞ്ചായത്തിനെ സാമ്പത്തിക സർവേയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
Discussion about this post