എറണാകുളം : തൃപ്പൂണിത്തുറയിലെ വിദ്യാർത്ഥി മിഹിറിന്റെ ആത്മഹത്യയിൽ വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജെംസ് മോഡേൺ അക്കാദമി. ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തുന്നതിനു മുൻപ് മിഹിർ ജെംസ് മോഡേൺ അക്കാദമിയിൽ ആയിരുന്നു പഠിച്ചിരുന്നത്. വൈസ് പ്രിൻസിപ്പാളിന്റെ ക്രൂരമായ ശിക്ഷാനടപടികളെ തുടർന്നാണ് മിഹിറിന് സ്കൂൾ മാറേണ്ടി വന്നിരുന്നത്.
ജെംസ് മോഡേൺ അക്കാദമിയിലെ വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളുടെ ശിക്ഷകൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.
മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്കൂൾ അധികൃതരോടും കുട്ടിയുടെ കുടുംബാംഗങ്ങളോടും നാളെ കളക്ട്രേറ്റിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post