പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മിക്കപ്പോഴും കാണപ്പെടുന്ന ഒരു സ്ത്രീയുണ്ട്. പ്രധാനമായും മോദിയുടെ വിദേശപര്യടനങ്ങളിലാണ് ഇവരെ കാണാൻ കഴിയാറുള്ളത്. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ ടീമിലെ സുപ്രധാന അംഗമായ ഈ സ്ത്രീയുടെ പേര് ഗുർദീപ് കൗർ ചൗള എന്നാണ്. പ്രധാനമന്ത്രിയുടെ വിവർത്തക ആണ് ഗുർദീപ് കൗർ ചൗള.
വിവിധ വിദേശരാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുമ്പോൾ വിവിധ ഭാഷകളിൽ വിവർത്തനം നടത്തുക എന്നുള്ളതാണ് ഗുർദീപിന്റെ ഉത്തരവാദിത്തം. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഒഫീഷ്യൽ ട്രാൻസ്ലേറ്റർ ആയി വർഷങ്ങളുടെ പ്രവൃത്തി പാരമ്പര്യമുണ്ട് ഗുർദീപിന്. വിപി സിംഗ്, ചന്ദ്രശേഖർ, നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി, ഐ കെ ഗുജ്‌റാൾ, മൻമോഹൻ സിംഗ്, നരേന്ദ്ര മോദി എന്നീ പ്രധാനമന്ത്രിമാരുടെ എല്ലാം വിവർത്തകയായി ഗുർദീപ് കൗർ ചൗള പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഭാഷാ സേവനങ്ങൾ LLC യുടെ സ്ഥാപക ഡയറക്ടർ ആണ് ഡോ. ഗുർദീപ് കൗർ ചൗള. 1990-ൽ പാർലമെൻ്റ് ഹൗസിൽ പരിഭാഷകയായി ആദ്യ ജോലി ലഭിച്ചു. എന്നാൽ പിന്നീട് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മാറി. 2010ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയ്‌ക്കൊപ്പം ദ്വിഭാഷിയായി ആണ് ഗുർദീപ് വീണ്ടും ഇന്ത്യയിലെത്തിയത്. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിങ്ങനെ വിവിധ ഭാഷകളിൽ ഉള്ള പരിജ്ഞാനം ആണ് ഇന്ത്യയിലെ 7 പ്രധാനമന്ത്രിമാരുടെ വിവർത്തകയായി പ്രവർത്തിക്കാൻ ഗുർദീപിന് അവസരം നൽകിയത്.
ഗുർദീപ് കൗർ ചൗള ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎ (ഓണേഴ്സ്), എംഎ ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഇതുകൂടാതെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി ബിരുദവും നേടിയിട്ടുണ്ട്.
Discussion about this post