ന്യൂഡൽഹി : പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. മഹാകുംഭമേള അപകടവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയിരുന്ന പൊതുതാൽപര്യ ഹർജി തള്ളി. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
“അപകടം ദൗർഭാഗ്യകരമായ സംഭവമാണ്, എന്നാൽ പൊതു താൽപര്യ ഹർജി പരിഗണിക്കേണ്ട സാഹചര്യം ഇല്ല. ഈ വിഷയത്തിൽ ഹർജിയുമായി സമീപിക്കേണ്ടത് അലഹബാദ് ഹൈക്കോടതിയെ ആണ്. നിലവിൽ അലഹബാദ് ഹൈക്കോടതി ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കുന്നുണ്ട്” എന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും അടങ്ങുന്ന സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്.
മഹാകുംഭത്തിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക മാർഗനിർദേശങ്ങളും ചട്ടങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജനുവരി 29ന് മൗനി അമാവാസി അമൃത സ്നാന ദിവസത്തിലാണ് പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 തീർത്ഥാടകർ മരിച്ചിരുന്നത്.
Discussion about this post