ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടിയുള്ള ക്ഷണത്തിനായി കേന്ദ്ര സർക്കാർ തന്നെ അമേരിക്കയിലേക്ക് അയച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ രുക്ഷവിമർശനമുന്നയിച്ച കേന്ദ്രമന്ത്രി ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. 2024ലെ തന്റെ യുഎസ് സന്ദർശന വേളയിൽ അത്തരമൊരു ക്ഷണത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ഡിസംബറിലെ എന്റെ യുഎസ് സന്ദർശനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബോധപൂർവം അസത്യം പറയുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും കാണാനായാണ് താൻ അമേരിക്കയിലേക്ക് പോയത്. സന്ദർശനമേവളയിൽ കോൺസൽ ജനറലിന്റെ ഒരു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നതായി ജയശങ്കർ പറഞ്ഞു.
പ്രധാനമന്ത്രി മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രാഹുൽ ഗാന്ധി ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രമാണ്. എന്നാൽ, ഇത്തരം പരാമർശങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഹാനികരമാണെന്നും വിദേശരാജ്യങ്ങളിൽ രാജ്യത്തിന്റെ യശസ് തകർക്കുമെന്നും വിദേശകാര്യ മന്ത്രി ആഞ്ഞടിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ലോക്സഭയിൽ സംസാരിക്കവെ, സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ പരിഹസിച്ച രാഹുൽ ഗാന്ധി, ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കാനായി ജയശങ്കറിനെ യുഎസിലേക്ക് അയയ്ക്കേണ്ടി വന്നുവെന്ന് ആരോപിക്കുകയായിരുന്നു.
Discussion about this post