മസ്‌ക്കത്ത്: മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന ജിസിസി രാജ്യമാണ് ഒമാന്‍. ഇപ്പോഴിതാ ഇവിടെ ശമ്പളം കൂടാന്‍ പോകുന്നു. ഏറ്റവും കുറഞ്ഞ കൂലിയില്‍ 60 ശതമാനം വരെ വര്‍ധനവ് വരുത്തുന്നതിനാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭാ യോഗം എടുത്തുവെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിനൊപ്പം തന്നെ തൊഴില്‍ രംഗത്ത് സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ഒമാന്‍ സര്‍ക്കാരിന്റെ നീക്കം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് 60 ശതമാനം വര്‍ധനവ് ലഭിക്കുക. പൗരന്മാര്‍ പൊതുമേഖലാ ജോലിക്ക് പുറമെ സ്വകാര്യ മേഖലയും ശ്രദ്ധിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, പ്രവാസികളായ തൊഴിലാളികളുടെ എണ്ണം അമിതമാകാതിരിക്കാനുള്ള നടപടികള്‍ക്കും ഒമാന്‍ തുടക്കം കുറിക്കുകയാണ്.
ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനം ഇടിയാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ ഒമാന്‍ കൊണ്ടുവരുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനി പൗരന്മാര്‍ക്കാണ് ശമ്പള വര്‍ധനവിന്റെ നേട്ടം ലഭിക്കുക.
കുറഞ്ഞ കൂലി ഇനി മുതല്‍ 325 റിയാല്‍ ആയി ഉയരും. അതായത്, 73000 രൂപയിലേറെ വരും. ജൂലൈ ഒന്ന് മുതലാണ് പുതിയ തീരുമാനം നടപ്പാകുക. സ്വകാര്യ മേഖലയില്‍ 172000 പേര്‍ ഒമാനില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കുന്നത്. പുതിയ തീരുമാനം 122000 പേര്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post