വാഷിംഗ്ടൺ; കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ താത്ക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുമാസത്തേക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികൾ നിന്ന് യുഎസ് പിന്നോട്ട് പോയത്.
കാനഡക്കും മെക്‌സിക്കോയ്ക്കുമെതിരെ 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനക്കെതിരെ പത്ത് ശതമാനം നികുതി ചുമത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി. തീരുവ ചുമത്തുമെന്നത് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപ് നൽകിയ വാഗ്ദാനമായിരുന്നു . പ്രചാരണത്തിനിടെ മൂന്ന് രാജ്യങ്ങളെയും ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. കാനഡ യു.എസിലെ സ്റ്റേറ്റായി മാറുമെന്നും പ്രഖ്യാപിച്ചിരുന്നു.
155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് കാനഡയും മറുപടി നൽകിയിരുന്നു. 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് ഉടനടി നികുതി ഏർപ്പെടുത്തും. 125 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് 21 ദിവസത്തിനകം നികുതി ചുമത്തുമെന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇരു രാജ്യവും തമ്മിൽ ചർച്ചയുണ്ടായതും സമവായത്തിലെത്തിയതും.
Discussion about this post