വലയില്‍ കുടുങ്ങിയത് ഭീമന്‍ മത്സ്യമെന്ന് കരുതി വലിച്ചുകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്ക് അവസാനം ആ ജീവിയെ രക്ഷിക്കാന്‍ തങ്ങളുടെ വല മുറിക്കേണ്ടി വന്നു.
തഞ്ചാവൂര്‍ ജില്ലയിലെ തീരത്ത് തിങ്കളാഴ്ച (ഫെബ്രുവരി 3) പുലര്‍ച്ചെയാണ് സംഭവം. അതിരപട്ടണത്തിനടുത്തുള്ള കൊല്ലുകാടു നിന്നുള്ള 15 മത്സ്യത്തൊഴിലാളികള്‍ പട്ടുകോട്ടൈ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുലര്‍ച്ചെ വല കരയിലേക്ക് വലിച്ചപ്പോള്‍ അവര്‍ കണ്ടത് ഏകദേശം 6 അടി നീളമുള്ള അപൂര്‍വ്വയിനം കടല്‍പശുവിനെയാണ്. ഡുഗോങ്ങ് എന്നയിനത്തില്‍പ്പെട്ട ഇതിന് ഏകദേശം 400 കിലോഗ്രാമോളം ഭാരം വരും.
ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ അധികൃതരുമായി ബന്ധപ്പെട്ടു. വലയില്‍ കുടുങ്ങിയ കടല്‍പശു വംശനാശഭീഷണി നേരിടുന്ന ജീവിയാണെന്ന് അവര്‍അറിയിക്കുകയും ശ്രദ്ധാപൂര്‍വ്വം അതിനെ കടലിലേക്ക് തിരികെ വിടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ വളരെ ശ്രദ്ധയോടെ വല മുറിച്ചുമാറ്റുകയായിരുന്നു. ഡുഗോങ്ങിന് പരിക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തി. വലവീശല്‍ നഷ്ടമായി അവസാനിച്ചെങ്കിലും ഈ കടല്‍പശുവിനെ രക്ഷപ്പെടുത്തി വിട്ടതിന്റെ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍.
Discussion about this post