ന്യൂഡൽഹി : രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ചൊവ്വാഴ്ച ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ വികസന സംരംഭങ്ങളെക്കുറിച്ചും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകാൻ രാജ്യത്തെ ജനങ്ങൾ 14-ാം തവണയും എന്നെ അനുവദിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. അതിനാൽ, ജനങ്ങളോട് ഞാൻ ആദരപൂർവ്വം നന്ദി പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
യുപിഎ സർക്കാരിന്റെ കാലത്തു നടന്ന അഴിമതികളെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ആ കാലത്ത് രാജ്യത്തെ പത്രങ്ങളുടെ എല്ലാ ദിവസത്തെയും തലക്കെട്ടുകൾ അഴിമതി വാർത്തകൾ ആയിരുന്നു. ഡൽഹിയിൽ നിന്ന് അയയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ ദരിദ്രരിലേക്ക് എത്തുകയുള്ളൂ എന്ന മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രധാനമന്ത്രി മോദി ഓർമ്മിപ്പിച്ചു. “നേരത്തെ ഇന്ത്യയിൽ ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത 10 കോടി പേർ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ ആനുകൂല്യങ്ങൾ യഥാർത്ഥ കൈകളിലേക്കാണ് എത്തുന്നത് എന്ന് ഉറപ്പാക്കി. ഓരോ രൂപയും ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകി. വ്യാജ ഗുണഭോക്താക്കളെ വെട്ടിമാറ്റി. കണക്കുകൾ നോക്കിയാൽ ഇതിലൂടെ മൂന്നു ലക്ഷം കോടി രൂപയാണ് ലാഭിക്കാൻ കഴിഞ്ഞത്” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘സ്വച്ഛ് ഭാരത് മിഷന്റെ’ വിജയത്തെ കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ സർക്കാർ ഓഫീസുകളിൽ നിന്നുള്ള സ്ക്രാപ്പ് വിൽപ്പനയിൽ പോലും സമീപ വർഷങ്ങളിൽ 2,300 കോടി രൂപ വരുമാനം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഒരു അഴിമതി വാർത്തയും ജനങ്ങൾക്ക് കാണേണ്ടി വന്നിട്ടില്ല. ലാഭിക്കുന്ന ഓരോ ചില്ലിക്കാശും ജനങ്ങൾക്ക് വേണ്ടിയാണ് ഈ സർക്കാർ ഉപയോഗിക്കുന്നത് എന്നും പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.
Discussion about this post