ന്യുഡൽഹി: നിർമിത ബുദ്ധി(എഐ)യ്ക്ക് ഇന്ത്യ അവിശ്വസനീയമായ വിപണിയാണെന്ന് ഓപ്പൺഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാൻ. കഴിഞ്ഞ വർഷം ഓപ്പൺഎഐയുടെ ഇന്ത്യൻ ഉപയോക്താക്കൾ മൂന്നിരട്ടിയായി വർദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചാറ്റ്ജിപിടിയുടെ ഇന്ത്യയ്ക്കായുള്ള ഭാവി പദ്ധതികൾ, ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്, ഡീപ് റിസർച്ച് എന്നിവയെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു സാം ആൾട്ട്മാൻ.
‘എഐയ്ക്ക് അവിശ്വസനീയമായ ഒരു വിപണിയാണ് പൊതുവെ ഇന്ത്യ. ഞങ്ങൾക്കും അത് അങ്ങനെയാണ്. അമേരിക്കയ്ക്ക് ശേഷം, ഇന്ത്യ ഞങ്ങളുടെ രണ്ടാമത്തെ വലിയ വിപണിയാണ്. കഴിഞ്ഞ വർഷം ഇവിടുത്തെ ഞങ്ങളുടെ ഉപയോക്താക്കൾ മൂന്നിരട്ടിയായി. മാത്രമല്ല, ഇവിടെ സംഭവിക്കുന്ന മാറ്റങ്ങൾ, ഇവിടെ ആളുകൾ നിർമിക്കുന്ന കാര്യങ്ങൾ.., അതെല്ലാം യഥാർത്ഥത്തിൽ അവിശ്വസനീയമാണ്. ഇവിടെ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് വലിയ ആവേശമാണ്. മാത്രമല്ല, ഇന്ത്യയിൽ, എഐ ഒരു മികച്ച പദ്ധതിയാണെന്ന് ഞങ്ങൾ കരുതുന്നു’- സാം ആൾട്ട്മാൻ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഐടി വ്യവസായം നോക്കുകയാണെങ്കിൽ, പുതിയ മോഡലുകൾ നിർമിക്കുകയല്ല അവർ ചെയ്യുന്നത്. പകരം, മറ്റുള്ളവർ നിർമ്മിച്ച വസ്തുക്കൾ എടുത്ത് അതിനു മുകളിൽ വളരെ മികച്ച മോഡലുകൾ നിർമ്മിക്കുന്നതിലും അതിനും മുകളിൽ സേവനങ്ങൾ നൽകുന്നതിലുമാണ് അവർ മികച്ച പ്രകടനം കാഴ്ചവക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post