ന്യൂഡൽഹി: ഇന്തോ- ബംഗ്ലാ അതിർത്തിയിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ബിഎസ്എഫ്. അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊളിച്ചുമാറ്റാൻ ഫീൽഡ് കമാൻഡർമാർക്ക് ബിഎസ്എഫ് നിർദ്ദേശം നൽകി. അതിർത്തിയിൽ അനധികൃത നിർമ്മാണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ ആണ് നടപടി.
4,096 കിലോ മീറ്റർ ദൂരത്തിൽ വ്യാപിച്ച് കിടക്കുകയാണ് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി. കഴിഞ്ഞ വർഷം മേഖലയിൽ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട 80 ഓളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം എന്നാണ് നിർദ്ദേശം. ബംഗ്ലാദേശിൽ അശാന്തി പടർന്നതോടെ പ്രദേശവാസികൾ വ്യാപകമായി അതിർത്തി മേഖലയിലേക്ക് കുടിയേറി പാർക്കുന്നുമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം മലിക്പൂർ ഗ്രാമത്തിൽ എത്തിയ ആയുധധാരികളായ സംഘം ബിഎസ്എഫ് സേനാംഗങ്ങളെ ആക്രമിച്ചിരുന്നു. ഇതോടെ ബിഎസ്എഫിന്റെ നോർത്ത് ബംഗാൾ ഫ്രോണ്ടിയറാണ് ജവാന്മാർക്ക് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.
കൊള്ള നടത്താനും കള്ളക്കടത്തിനുമായി ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിഭാഗം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാരകായുധങ്ങൾ കയ്യിലേന്തിയായിരുന്നു ഇവർ എത്തിയത്. ഇവരെ കണ്ടതോടെ ബിഎസ്എഫ് സേനാംഗങ്ങൾ ശക്തമായി പ്രതിരോധിച്ചു. എന്നാൽ പിൻവാങ്ങാതിരുന്ന ഇവർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു.
തോക്കുപയോഗിച്ച് ആയിരുന്നു ബംഗ്ലാദേശികളെ ബിഎസ്എഫ് സേനാംഗങ്ങൾ നേരിട്ടത്. ഇതിനിടെ ഇവർ സേനാംഗങ്ങളുടെ തോക്കും ആയുധങ്ങളും പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇതോടെ സ്വയരക്ഷയ്ക്കായി സേനാംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ പക്കൽ നിന്നും ബിഎസ്എഫ് ജവാന്മാർ രക്ഷപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഇതേ തുടർന്നാണ് അതിർത്തിയിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുന്നത് എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതിർത്തിയിൽ ശക്തമായ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. അന്താരാഷ്ട്ര അതിർത്തിയിൽ കൂച്ച്ബിഹാറിനോട് ചേർന്നുള്ള 150 യാർഡ് മേഖലയിലാണ് അടുത്തിടെയായി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിച്ചിട്ടുള്ളത്. ബംഗ്ലാദേശി പൗരന്മാർക്ക് പുറമേ ബോർഡർഗാർഡ് അംഗങ്ങളും പ്രദേശം കയ്യേറാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ശക്തമായ എതിർപ്പ് ആയിരുന്നു ഇന്ത്യ ഉയർത്തിയത്. ഇതോടെ ഇവർ പിന്തിരിഞ്ഞു. എങ്കിലും വലിയ ജാഗ്രതയാണ് കഴിഞ്ഞ വർഷം മുതൽ പുലർത്തുന്നത് എന്നും ബിഎസ്എഫ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലായാണ് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി വ്യാപിച്ച് കിടക്കുന്നത്. പശ്ചിമബംഗാൾ (2217), ത്രിപുര (856), മേഘാലയ (443), അസം (262), മിസോറം (318) എന്നിങ്ങനെയാണ് അതിർത്തി വ്യാപിച്ച് കിടക്കുന്നത്.
Discussion about this post