മകന്റെ വിവാഹത്തിന് മുന്നോടിയായി ഒരു വമ്പൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ശതകോടീശ്വര വ്യവസായി ഗൗതം അദാനി. ‘മംഗൾ സേവ’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതി ദിവ്യാംഗരുടെ വിവാഹത്തിനുവേണ്ടിയാണ് സമർപ്പിച്ചിട്ടുള്ളത്. ഓരോ വർഷവും രാജ്യമെമ്പാടും നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ദിവ്യാംഗ സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്ന ‘മംഗൾ സേവ’. മകൻ ജീത് അദാനിയുടെ വിവാഹത്തിന്റെ ഭാഗമായാണ് അദാനി ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
ഗൗതം അദാനിയുടെ മകൻ ജീത് അദാനിയും ദിവ ഷായും തമ്മിലുള്ള വിവാഹം ഫെബ്രുവരി ഏഴിനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി മകന്റെ ആഗ്രഹപ്രകാരം ദിവ്യാംഗരായ നവദമ്പതികൾക്കായി പുതിയൊരു പദ്ധതി പ്രഖ്യാപിക്കുകയാണെന്ന് ഗൗതം അദാനി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 28 നവദമ്പതികൾക്ക് ജീത് അദാനി മംഗൾ സേവ പദ്ധതി പ്രകാരമുള്ള ധനസഹായം കൈമാറി. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ പരിപാടിയിൽ പുതുതായി വിവാഹിതരായ 21 ദിവ്യാംഗ സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും നേരിൽകണ്ട് ജീത് അദാനി 10 ലക്ഷം രൂപ വീതമുള്ള ധനസഹായം നൽകുകയും ദമ്പതികളുടെ അനുഗ്രഹം നേടുകയും ചെയ്തു.
സേവനമാണ് ദൈവം എന്ന് പ്രഖ്യാപിക്കുന്ന ഒരു കുറിപ്പിലൂടെയാണ് ഗൗതം അദാനി മംഗൾ സേവ പദ്ധതി ആരംഭിച്ച സന്തോഷവാർത്ത പങ്കുവെച്ചത്. “സേവനം ധ്യാനമാണ്, സേവനം പ്രാർത്ഥനയാണ്, സേവനം ദൈവമാണ്. ‘മംഗൾ സേവ’യിലൂടെ നിരവധി വികലാംഗ പെൺമക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ആദരവോടെയും സന്തോഷത്തോടെയും ഉയർത്തപ്പെടും. ഈ മഹത്തായ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ദൈവം എന്റെ മകനെയും മരുമകളെയും അനുഗ്രഹിക്കട്ടെ” എന്നും ഗൗതം അദാനി കുറിച്ചു.
ഫെബ്രുവരി 7 വെള്ളിയാഴ്ച അഹമ്മദാബാദിൽ വെച്ചാണ് ജീത് അദാനി-ദിവാ ഷാ വിവാഹം നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള അടിസ്ഥാന സൗകര്യ കമ്പനിയായ അദാനി എയർപോർട്ട് ഹോൾഡിംഗ്സിന്റെ ഡയറക്ടറാണ് നിലവിൽ ജീത് അദാനി. ഇതിനുപുറമെ, അദാനി ഗ്രൂപ്പിന്റെ പ്രതിരോധം, പെട്രോകെമിക്കൽസ്, ചെമ്പ് ബിസിനസുകളുടെയും മേൽനോട്ടം വഹിക്കുന്നുണ്ട് . അമ്മ പ്രീതി അദാനിയെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരനാണ് ജീത്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ള വ്യക്തികളെ സഹായിക്കുന്നതിൽ അദ്ദേഹം വലിയ ശ്രദ്ധ നൽകി വരുന്നുണ്ട്. സാമൂഹ്യ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അദാനി ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രധാന മേൽനോട്ടം വഹിക്കുന്നതും ഗൗതം അദാനിയുടെ ഭാര്യ പ്രീതിയും മകൻ ജീത് അദാനിയും ചേർന്നാണ്.
Discussion about this post